കോഴിക്കോട് ജില്ലാ സ്കൂള്‍ കായിക മേളയ്ക്ക് തുടക്കമായി മുക്കം ഉപജില്ലയും പുല്ലൂരാംപാറ സ്കൂളും മുന്നിൽ
1600130
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലാ റവന്യൂ സ്കൂള്‍ കായിക മേളയ്ക്ക് മെഡിക്കൽ കോളജ് ഒളിന്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കായികമേള ഉദ്ഘാടനം ചെയ്തു.
സീനിയർ 3000 മീറ്റർ ആൺകുട്ടികളുടെ ഓട്ടത്തോടെയാണ് മേള ആരംഭിച്ചത്. ആദ്യദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറയാണ് 69 പോയിന്റുമായി മുന്നിൽ. 30 പോയിന്റുമായി സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ രണ്ടാം സ്ഥാനവും 19 പോയിന്റുമായി മേപ്പയ്യൂർ ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.
11 സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായാണ് പുല്ലൂരാംപാറ സ്കൂൾ ഒന്നാം സ്ഥാനത്ത് എത്തിയത്. നാല് സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലവുമായി കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്ന് സ്വർണം ഒരു വെള്ളി ഒരു വെങ്കലവുമായാണ് മേപ്പയ്യൂർ സ്കൂൾ മൂന്നാം സ്ഥാനത്ത് എത്തിയത്.
സബ് ജില്ലാ തലത്തിൽ 100 പോയിന്റുമായി മുക്കം ഒന്നാം സ്ഥാനത്തും 38 പോയിന്റുമായി പേരാന്പ്ര രണ്ടാം സ്ഥാനത്തും 24 പോയിന്റുമായി ബാലുശേരി മൂന്നാം സ്ഥാനത്തുമാണ്. 14 സ്വർണം, നാല് വെള്ളി മൂന്ന് വെങ്കലം സ്വന്തമാക്കിയാണ് മുക്കം ഒന്നാം സ്ഥാനത്ത് എത്തിയത്.
പേരാന്പ്ര ഉപജില്ല നാല് സ്വർണം നാല് വെള്ളി നാല് വെങ്കലം നേടിയപ്പോൾ ബാലുശേരി ഉപജില്ല രണ്ട് സ്വർണം മൂന്ന് വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ സ്വന്തമാക്കി. ഇന്ന് നടത്ത മത്സരത്തോടെ മേള ആരംഭിക്കും. നാളെയാണ് സമാപനം.
110 മീറ്റർ ഹർഡിൽസ് യുപിക്കാരൻ തൂക്കി
കോഴിക്കോട്: ഹർഡിൽസിൽ മലയാളി കരുത്തിനെ പിന്നിലാക്കി ഉത്തർ പ്രദേശ് സ്വദേശി യഷ്വന്ത് സിംഗ് സ്വർണം സ്വന്തമാക്കി. 110 മീറ്റർ ഹർഡിൽസ് ജൂണിയർ വിഭാഗത്തിലാണ് യഷ്വന്ത് സിംഗ് സ്വർണം സ്വന്തമാക്കിയത്. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് മൂന്ന് മാസം മുന്‍പാണ് യശ്വന്ത് കേരളത്തിലെത്തിയത്.
കേരളത്തിലെ കാലവസ്ഥയോടെ പൊരുത്തപ്പെടുന്നതടക്കം നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് മെഡൽ സ്വന്തമാക്കിയത്. കാലിനേറ്റ പരിക്കും മികച്ച സമയം കുറിക്കുന്നതിൽ വിലങ്ങ് തടിയായി. 14.02 എന്ന തന്റെ മികച്ച പ്രകടനം മറികടക്കണമെന്നും ഒളിന്പിക്സിൽ പങ്കെടുത്ത് മെഡൽ സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും യഷ്വന്ത് പറഞ്ഞു. ഉത്തർ പ്രദേശുകാരനായ മനോജ് കുമാർ സിംഗിന്റെയും സുമൻ സിംഗിന്റെയും മകനാണ് യഷ്വന്ത്.