75.45 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്: യുവാവിനെ സൈബര്‍ ക്രൈം പോലീസ് പിടികൂടി
1600134
Thursday, October 16, 2025 4:59 AM IST
കോഴിക്കോട്: ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വന്‍ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് 75.45 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റു ചെയ്തു.
ഫയേഴ്സ് എന്ന സ്റ്റോക്ക് ബ്രോക്കര്‍ ഗ്രൂപ്പിന്റെ പേരില്‍ വാട്സാപ് വഴി മെസേജുകള്‍ അയച്ചു ട്രേഡ് ചെയ്യുന്നതിനായി നിക്ഷേപമെന്ന രീതിയില്‍ കോഴിക്കോട് ചേവായൂര്‍ സ്വദേശിയുടെ 75,45,000 രൂപ തട്ടിയെടുത്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കെ. രാജ്കമലി (38)നെയാണ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ തട്ടിപ്പുകാര്‍ക്ക് വേണ്ടി രാജ്കമല് ബാങ്ക് അക്കൗണ്ട് നല്‍കുകയും അക്കൗണ്ടിലേക്ക് അയച്ചു കിട്ടിയ 5,00,000 രൂപ ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് തട്ടിപ്പുകാര്‍ക്ക് നല്‍കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട വിവരം സൈബര്‍ ക്രൈം ഹെല്പ്ലൈന് നമ്പറായ 1930 ല്‍ വിളിച്ച് പരാതിക്കാരന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് എടുത്ത് ഉപയോഗിക്കുന്നവരെപ്പറ്റിയും പണം സ്വീകരിച്ച് ലാഭമെടുക്കുന്നവരെപ്പറ്റിയും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ആഗേഷ്, സബ് ഇന്‍സ്പെക്ടര്‍ ടി.എം. വിനോദ് കുമാര്‍, എസ്സിപിഒ രാജേഷ് ജോര്‍ജ്, ജാനേഷ് കുമാര്‍, സിപിഒ ലിയോ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് കൊട്ടാരക്കര വാളകത്ത് വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.