ഷിബിലയ്ക്ക് നേരിടേണ്ടിവന്നത് ക്രൂര പീഡനമെന്ന് പോലീസ്
1535364
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഷിബിലയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനവും. പലപ്പോഴും ഷിബിലയെ കത്തികാട്ടി യാസിര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിര മദ്യപാനിയായിരുന്ന യാസിര്‍ വീട്ടില്‍വച്ച് നിരന്തരം ഷിബിലയെ മര്‍ദിച്ചിരുന്നതായാണ് പോലീസ് നല്കുന്ന വിവരം.
ക്രൂര പീഡനങ്ങളേല്ക്കുന്നതിനുപുറമെ പുറത്ത് പറയാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് ബന്ധുക്കളില്‍ ചിലരോട് ഷിബില പറഞ്ഞിരുന്നു.അര്‍ധരാത്രി പലപ്പോഴും യാസിര്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോകും. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി നല്‍കില്ല. യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്.
മുന്‍പ് ഷിബില നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യാസിറിന്റെ കൂടെ പോകാനാകില്ലെന്നാണ് അന്ന് ഷിബില പറഞ്ഞത്.
സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകയോട് ലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താങ്ങാനാകുന്നതിനും അപ്പുറമാണ് അനുഭവിച്ചതെന്നും പറഞ്ഞിരുന്നുഎന്നും ഷിബിലയുടെ ബന്ധുക്കള്‍ പറയുന്നു.
കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകള്‍ ഷിബില(24)യെ ചൊവ്വാഴ്ചയാണ് ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്തുവീട്ടില്‍ യാസര്‍ (26) കുത്തിക്കൊലപ്പെടുത്തിയത്. പ്രണയിച്ച് വിവാഹംകഴിച്ചിരുന്ന ഷിബിലയും യാസിറും കുടുംബവഴക്കിനെത്തുടര്‍ന്ന് ഒരുമാസമായി അകന്നുകഴിയുകയായിരുന്നു.
രാസലഹരിക്കുള്പ്പെടെ അടിമയായ യാസറില്നിന്ന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശേരി പോലീസില്‍ ഫെബ്രുവരി 28ന് പരാതിനല്‍കിയിരുന്നു. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.