ബജറ്റിൽ കർഷകരെ അവഗണിച്ചു: രാജീവ് തോമസ്
1515036
Monday, February 17, 2025 4:55 AM IST
കടിയങ്ങാട്: സംസ്ഥാന ബജറ്റിൽ ഭൂനികുതി 50 ശതമാനം ഉയർത്തിയത് വന്യമൃഗ ശല്യവും വിലത്തകർച്ചയും കൊണ്ടു പൊറുതി മുട്ടിയ കർഷകന്റെ ശവപ്പെട്ടിയിൽ പിണറായി സർക്കാർ അടിച്ച അവസാനത്തെ ആണിയാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ രാജീവ് തോമസ് പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന വർഷത്തിലെ ബജറ്റിൽ രണ്ടിരട്ടി ഭൂനികുതി വർധിപ്പിച്ചു കൊണ്ട് കർഷകന്റെ നടുവൊടിച്ചിട്ടിരുന്നതാണ്. ഈ വർഷത്തെ ബജറ്റിലും പതിവുപോലെ കർഷകരെയും സാധാരണക്കാരെയും പാടെ അവഗണിച്ചു. കേരളത്തിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനം പ്രതി വർധിച്ചുവരുന്നു. കേരളത്തിലെ പുതു തലമുറ കാർഷിക വൃത്തി ഉപേഷിച്ച് അന്യ നാടുകളിലേക്ക് തൊഴിൽ തേടി പോകുന്നതും ഈ കാരണങ്ങൾ കൊണ്ടാണ്.
കേരളാ കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലക്കു വേണ്ടി പ്രത്യേക ബജറ്റ് അവതരിപ്പിക്കണം. ഭൂനികുതി വർധിപ്പിക്കുവാനുള്ള തീരുമാനം ഉടൻ പിവലിക്കണമെന്നും യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവരെ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ടി.പി. ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വിജയൻ ചാത്തോത്ത്, കെ.കെ. അബ്ദുള്ള, ആയിലാണ്ടി ഹമീദ്, ജോസഫ് ഇഞ്ചക്കൽ, കെ.കെ. മണി, കുമാരൻ കങ്കാടത്ത്, ചിന്നൂസ് ബാലകൃഷ്ണൻ, പി. നാണു, പി.കെ. പ്രദീഷ് എന്നിവർ പ്രസംഗിച്ചു.