കക്കയം കെഎസ്ഇബി കോളനിയിൽ നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നു
1460312
Thursday, October 10, 2024 9:01 AM IST
കൂരാച്ചുണ്ട്: കക്കയത്ത് കെഎസ്ഇബി കോളനിയിൽ ജീവനക്കാർക്ക് താമസിക്കുന്നതിനായി കെഎസ്ഇബി വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ചു പണികഴിപ്പിച്ചിട്ടുള്ള ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നു. കക്കയം ഡാമിന്റെ നിർമാണ കാലത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള ഭൂമിയിലാണ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. ഏക്കറുകളോളം സ്ഥലത്തായി ഒട്ടനവധി കെട്ടിടങ്ങളാണ് ഇപ്പോൾ നാശത്തിന്റെ വക്കിലുള്ളത്. അക്കാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചിട്ടുള്ള ഈ കെട്ടിടങ്ങളിൽ പലതും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ താമസയോഗ്യമല്ലാതെ കിടക്കുകയാണ്.
ഈ മേഖലയിൽ നിർമിച്ചിട്ടുള്ള ക്വാർട്ടേഴ്സുകളിൽ നാമമാത്ര കെട്ടിടങ്ങളിൽ മാത്രമാണ് ആളുകൾ താമസിച്ചു വരുന്നത്. എന്നാൽ, ഒട്ടേറെ കെട്ടിടങ്ങൾ കാടുകയറിയും കെട്ടിടത്തിന്റെ കോൺക്രീറ്റ് നശിച്ചും കിടക്കുകയാണ്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ കഴിയുന്നവയുമുണ്ട്.
വിനോദ സഞ്ചാരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയത്ത് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കും മറ്റും ഉപകാരപ്രദമാകുന്ന രീതിയിൽ താമസിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന അഭിപ്രായങ്ങൾ നാട്ടിൽ ഉയരുന്നുണ്ട്.
കക്കയത്തെ ടൂറിസ വികസനം മുന്നിൽ കണ്ട് ഇവിടെയെത്തുന്ന സന്ദർശകരിൽ നിന്നും വാടക ഈടാക്കിക്കൊണ്ട് താമസത്തിനുള്ള സൗകര്യം ഒരുക്കാമെന്നാണ് പറയപ്പെടുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങൾ ജനോപകാരപ്രദമാക്കാൻ കെഎസ്ഇബി അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടു
ന്നത്.