വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികനു ഗുരുതര പരുക്ക്
1459795
Tuesday, October 8, 2024 8:36 AM IST
താമരശേരി: വണ്‍വേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസ് പിക്കപ്പിലും സ്കൂട്ടറിലും ഇടിച്ചു സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ പുതുപ്പാടി സ്വദേശി വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. വിപിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 ൽ താമരശേരി പുല്ലാഞ്ഞിമേട്ടിലാണ് അപകടമുണ്ടായത്. റോഡിലെ വളവിൽ ഡിവൈഡർ സ്ഥാപിച്ച് വണ്‍വേ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് വാഹനങ്ങൾ വർഷങ്ങളായി വണ്‍വേയായിട്ടാണ് കടന്നുപോകുന്നത്. വണ്‍വേ തെറ്റിച്ച് എത്തിയ ബസ്, ഇറക്കം ഇറങ്ങി വരുകയായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.