പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കേസെടുത്തു
1459268
Sunday, October 6, 2024 5:05 AM IST
താമരശേരി: താമരശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ കേസെടുത്തു. വെള്ളിയാഴ്ച രാത്രി 12ന് ജീപ്പിൽ ഡീസൽ അടിക്കാൻ എത്തിയ താമരശേരി കെടവൂർ സ്വദേശി യുനീഷാണ് ജീവനക്കാരായ അടിവാരം സ്വദേശി റ്റിറ്റോ, തച്ചംപൊയിൽ സ്വദേശി അഭിഷേക് എന്നിവരെ മർദിച്ചത്.
100 രൂപക്ക് ഇന്ധനം നിറച്ച ശേഷം പണം കൈമാറുന്നതിനായി മെഷീനിൽ സംഖ്യ അടിച്ചപ്പോൾ നൂറ് എന്നത് ആയിരമെന്ന് തെറ്റായി രേഖപ്പെടുത്തിയതിൽ പ്രകോപിതനായാണ് മർദിച്ചത്. ഇതു തിരുത്തിയ ശേഷം പണം അടച്ചാൽ മതിയെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും തന്നെ വഞ്ചിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
നാട്ടുകാരും യാത്രക്കാരും ചേർന്നാണ് യുവാവിനെ പിടിച്ചു മാറ്റി ജീവനക്കാരെ രക്ഷിച്ചത്. പമ്പ് ഉടമ താമരശേരി പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.