ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തണം: കെഎസ്ടിയു
1453475
Sunday, September 15, 2024 4:51 AM IST
കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിൽ നടക്കുന്ന ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഈയിടെയായി ചോദ്യപേപ്പർ ചോർച്ച തുടർക്കഥയായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ഓൺലൈൻ മാധ്യമങ്ങൾക്ക് കച്ചവടം നടത്തുന്ന ലോബി പ്രവർത്തിക്കുന്നതായി ന്യായമായും സംശയിക്കുന്നു.
കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ പരീക്ഷയ്ക്ക് കുട്ടികളും അധ്യാപകരും പൊതുസമൂഹവും നൽകുന്ന പ്രാധാന്യം വളരെ ഏറെയാണ്. പരീക്ഷയുടെ പ്രാധാന്യവും മൂല്യവും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നിരിക്കെ സ്കൂളിൽ എത്തുന്ന ചോദ്യപേപ്പറുകൾ പരീക്ഷയ്ക്ക് മുൻപ് തന്നെ മറ്റ് ഏജൻസികളുടെ കൈവശം എത്തുന്നത് പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദള്ളയും ജനറൽ സെക്രട്ടറി പി.കെ. അസീസും അഭിപ്രായപ്പെട്ടു.