മലവെള്ളപ്പാച്ചിലിൽ കൃഷിഭൂമി ഇടിഞ്ഞു നശിക്കുന്നു : നെഞ്ചുതകർന്നു ചെന്പനോട അമ്മ്യാംമണ്ണിലെ കർഷകർ
1451027
Friday, September 6, 2024 4:43 AM IST
രാജൻ വർക്കി
പേരാന്പ്ര: ഓരോ മഴക്കാലത്തും മലവെള്ളപ്പാച്ചിലിൽ കൃഷിഭൂമി ഇടിഞ്ഞുനശിക്കുന്പോൾ ചക്കിട്ടപ്പാറ പഞ്ചായത്ത് രണ്ടാംവാർഡിലെ ചെന്പനോട അമ്മ്യാംമണ്ണിലെ ഒരു കൂട്ടം കർഷകരുടെ നെഞ്ചു തകരുകയാണ്. കായ്ഫലമുള്ള വിളകളുള്ള ഫലഭൂയിഷ്ടമായ കൃഷി ഭൂമിയാണ് ഓരോ വർഷവും ഇടിഞ്ഞു കടന്തറപുഴയിൽ പതിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 29നുണ്ടായ ഉരുൾപൊട്ടലിൽ വൻതോതിൽ തീരമിടിഞ്ഞു പുഴയിൽ പതിച്ചു.
ഓരോ മഴക്കാലത്തും പുഴയുടെ ഗതി മാറുകയാണ്. പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ഭൂമി നശിച്ചത് പറന്പുകാട്ടിൽ വർഗീസിനാണ്. 20 സെന്റിനോളം ഇദേഹത്തിനു മാത്രമായി നഷ്ടപ്പെട്ടിട്ടുണ്ട്. ബേബി പറന്പുകാട്ടിൽ, വേനകുഴിയിൽ ജോണ് എന്നിവരും ഭൂ നഷ്ടം നേരിട്ടവരാണ്. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിനും പഞ്ചായത്ത് റോഡിനും പ്രളയവും പുഴയോരം ഇടിച്ചിലും ഭീഷണിയാണ്.
ചെന്പനോട സ്കൂൾ മുതൽ പുഴയുടെ ഒഴുക്കിന്റെ ഗതി നേരെയാക്കിയാൽ പ്രശ്നത്തിനു പരിഹാരമാവുമെന്നു കർഷകരായ പറന്പുകാട്ടിൽ ജയിംസ്, മലയാറ്റൂർ തോമസ്, പറന്പുകാട്ടിൽ ജയ്ഷോ എന്നിവർ ചൂണ്ടിക്കാട്ടുന്നു.
പുഴക്കുള്ളിലെ സ്വകാര്യ തുരുത്ത് ഏറ്റെടുത്തു പുഴ നേരെയാക്കിയും പ്രശ്നം പരിഹരിക്കാനാകുമെന്ന് ഇവർ പറയുന്നു. ചെന്പനോട മേലേഅങ്ങാടി പുഴ ഭാഗത്തു വർഷങ്ങൾക്കു മുന്പു സമാന പ്രശ്നം ഉടലെടുത്തപ്പോൾ ചക്കിട്ടപ്പാറ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കരാർ നൽകി പുഴ നേരെയാക്കിയിരുന്നു.
ഈ രീതി അവലംബിക്കുന്നതിനോടൊപ്പം അമ്മ്യാം മണ്ണിൽ പുഴയോര സംരക്ഷണ ഭിത്തി നിർമ്മിക്കാനും നടപടി സ്വീകരിക്കണമെന്നു വാർഡ് അംഗം കെ.എ. ജോസ്കുട്ടി ആവശ്യപ്പെട്ടു. ജോസ്കുട്ടി ഈ ആവശ്യം ഉന്നയിച്ചു മേജർ ഇറിഗേഷൻ വകുപ്പിനു പല തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല.
പഞ്ചായത്തിനു നൽകിയ അപേക്ഷകളിൽ മാത്രമാണ് തെല്ലെങ്കിലും പരിഗണന ലഭിച്ചത്. മുൻ വർഷങ്ങളിൽ ഇടിഞ്ഞ 100 മീറ്ററോളം ഭാഗത്ത് ഭിത്തി നിർമ്മിച്ച് പഞ്ചായത്ത് സംരംക്ഷിച്ചിട്ടുണ്ട്. അമ്മ്യാം മണ്ണിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചു.
അമ്മ്യാംമണ്ണിലെ കർഷകരെ രക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ ജയേഷ് ചെന്പനോടയും ആവശ്യപ്പെട്ടു.