ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ: ജില്ലാ കൃഷി ഫാമിലെ ചിൽഡ്രൻസ് പാർക്ക് നാശത്തിന്റെ വക്കിൽ
1444515
Tuesday, August 13, 2024 4:37 AM IST
പേരാന്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷിഫാമിലെ ചിൽഡ്രൻസ് പാർക്ക് അധികൃതരുടെ അവഗണനയാൽ നാശത്തിന്റെ വക്കിൽ. 100 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ പ്രധാന ഓഫീസ് സമുച്ചയം കോന്പൗണ്ടിലാണ് കുട്ടികളുടെ പാർക്കുള്ളത്.
മതിയായ പരിചരണമില്ലാത്തതിനാൽ പാർക്കിൽ കാടുകയറി. 2013 ഡിസംബർ 16ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ മുൻ പേരാന്പ്ര എംഎൽഎ കെ. കുഞ്ഞമ്മദാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.
ആദ്യ കാലങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിച്ച പാർക്കിനെ പിന്നെ അധികൃതർ ശ്രദ്ധിക്കാതായി. നിലവിലുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി ചിൽഡ്രൻസ് പാർക്ക് നവീകരിക്കാൻ തീരുമാനമെടുത്ത് ഇതിനുള്ള പ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്ക് (യുഎൽസിസി) ചുമതല നൽകി.
ഊരാളുങ്കൽ സൊസൈറ്റി പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പു പ്ലാൻ ജില്ലാ പഞ്ചായത്തിനു കൈമാറി. ഒരു കോടിയിൽ താഴെയുള്ള എസ്റ്റിമേറ്റ് തുകയാണെങ്കിൽ യുഎൽസിസി തന്നെ പാർക്കിന്റെ പുനർ നിർമാണം ഏറ്റെടുക്കാമെന്നു നിർദേശവും വച്ചു. ഇതിൻമേൽ ജില്ലാ പഞ്ചായത്തിന്റെ തീരുമാനം വൈകുകയാണ്.
തീരുമാനം വൈകുന്ന സാഹചര്യത്തിൽ ഫാം അധികൃതർ പാർക്കിലെ കാട് ഫാമിലെ തൊഴിലാളികളെ നിയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്.