ലൈസൻസ് ഇല്ലാത്ത മൂന്നു ഷവർമ നിർമാണ സ്ഥാപനങ്ങൾ പൂട്ടിച്ചു
1424807
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് ഷവർമ നിർമാണസ്ഥാപനങ്ങൾ അടച്ചുപൂട്ടി. വടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂഡ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്.
മാനദണ്ഡം പാലിക്കാത്ത ഷവർമ നിർമിച്ച ഒമ്പത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചെറിയ ന്യൂനത കണ്ടെത്തിയ 14 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുളള നോട്ടീസ് നൽകി. കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകൾ ആയിട്ടാണ് പരിശോധന നടത്തിയത്.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.