കോഴിക്കോട്ട് രണ്ട് മുങ്ങി മരണം
1424804
Saturday, May 25, 2024 5:38 AM IST
കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി നടന്ന സംഭവങ്ങളില്‍ വിദ്യാര്‍ഥിയും വയോധികയും മുങ്ങിമരിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് ആഴ്ചവട്ടം തറക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജയപ്രകാശിന്റെ മകന് എസ്.ജെ. സജ്ഞയ് കൃഷ്ണ(15), കനാലില്‍ തുണി അലക്കാന്‍ പോയ വയോധിക അരക്കിണര്‍ മേലത്ത് ഹൗസില്‍ രാധ(85)എന്നിവരാണ് മരിച്ചത്.
മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നിലതെറ്റി കുളത്തില്‍ മുങ്ങിതാഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെന്റ് ജോസഫ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്കാരം മാങ്കാവ് ശ്മശാനത്തില്‍ നടത്തി. മാതാവ്: സ്വപ്ന.
കോഴിക്കോട് മാത്തോട്ടം മുണ്ടകന്‍ കനാലിന്റെ കരയില്‍ വസ്ത്രം അലക്കാനനെത്തിയ രാധ കാല് വഴുതി കനാലിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന എത്തി തെരച്ചില്‍ നടത്തി. ചെളി നിറഞ്ഞ കനാലില്‍ സംഭവം നടന്ന സ്ഥലത്തുനിന്നും അരകിലോമീറ്റര്‍ അകലെ കോയവളപ്പില്‍ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് പരേതനായ ഗോപാലന്. മകള്‍:കോമളം.