നവീകരിച്ച് ഒരു വർഷം തികയുന്നതിന് മുന്നേ കുന്നമംഗലം- അഗസ്ത്യൻമുഴി റോഡ് പൊട്ടിപ്പൊളിയുന്നു
1339313
Saturday, September 30, 2023 12:40 AM IST
മുക്കം: കിലോമീറ്ററിന് ഒരു കോടി രൂപയോളം ചെലവഴിച്ച് നവീകരിച്ച റോഡ് ഒരു വർഷം കൊണ്ട് പൊട്ടിപ്പൊളിഞ്ഞു.
13.130 കിലോമീറ്റർ ദൂരം വരുന്ന കുന്നമംഗലം- അഗസ്ത്യൻമുഴി റോഡാണ് ഒരു വർഷംകൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞത്. ഡ്രൈനേജ് ഉൾപ്പെടെയുള്ളവയുടെ അശാസ്ത്രീയ നിർമാണം മൂലം ചെറിയ മഴ പെയ്താൽ പോലും റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
പൊളിഞ്ഞ ഭാഗത്ത് ഒരുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും റോഡ് പൊളിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. 14 കോടിയോളം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് നവീകരിച്ചത്.
അഗസ്ത്യൻമുഴി അങ്ങാടിക്കും മാമ്പറ്റയ്ക്കും ഇടയിലുള്ള വലിയ വളവിലാണ് റോഡ് തകർന്ന് കുഴിയായത്. ഈ കുഴി ഇരുചക്ര വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഒരുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തി കുഴി അടച്ചിരുന്നുവെങ്കിലും വീണ്ടും ഇതേ സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
റോഡിലെ ഡ്രൈനേജുകളുടെ അശാസ്ത്രീയ നിർമാണം മൂലം ചെറിയ മഴപെയ്താൽ പോലും റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഇത് കാൽനട യാത്രക്കാർക്ക് ഉൾപ്പെടെ ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ഒരു വർഷം മുമ്പ് റോഡ് പ്രവൃത്തി പൂർത്തീകരിച്ചുവെന്ന് പറഞ്ഞിരുന്നുവെങ്കിലും റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മണ്ണും കല്ലും അടങ്ങിയ മാലിന്യം ഇതുവരെ എടുത്ത് മാറ്റിയിട്ടുമില്ല.
മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ അസോസിയേറ്റ്സ് ആണ് കരാറുകാർ. ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം റോഡിനെ കുറിച്ച് പരാതിയുണ്ടെങ്കിൽ വിളിച്ചറിയിക്കാനായി കരാർ കമ്പനിയുടെയും അസി. എൻജിനീയറുടെയും ഫോൺ നമ്പർ അടങ്ങുന്ന ബോർഡ് അഗസ്ത്യൻമുഴി പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നമ്പറുകളിലൊന്നും ആരെയും വിളിച്ചാൽ കിട്ടാറില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡ് പ്രവൃത്തിയുടെ ആരംഭ ഘട്ടത്തിൽ തന്നെ അശാസ്ത്രീയ നിർമാണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവജന സംഘടനകളും വിജിലൻസിൽ പരാതി നൽകിയിരുന്നു. എത്രയും പെട്ടെന്ന് റോഡിലെ അപാകതകൾ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.