വിസാ തട്ടിപ്പ് സൂത്രധാരൻ കോട്ടയത്ത് പിടിയിൽ
1336985
Wednesday, September 20, 2023 7:38 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിസാ തട്ടിപ്പ് നടത്തി പലരിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപ കൈക്കലാക്കിയ സംഘത്തിലെ പ്രധാനി കഴിഞ്ഞ ദിവസം കോട്ടയത്ത് പിടിയിലായി.
മലപ്പുറം വെള്ളിമുക്ക് സ്വദേശി മാളിയേക്കൽ മൊയ്തീന്റെ മകൻ മുസ്തഫ (54) ആണ് അറസ്റ്റിലായത്. ഇവരുടെ സഹായി കൊയിലാണ്ടിയിലെ ഓഫീസിൽ ജോലിചെയ്തിരുന്ന സിന്ധു എന്ന സ്ത്രീയെ പോലീസ് അന്വേഷിച്ചുവരുന്നു. ഏറ്റുമാനൂർ ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ മുരിക്കാശേരി പോലീസാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 50,000 മുതൽ ഒരു ലക്ഷം രൂപവരെയാണ് പലർക്കും നഷ്ടപ്പെട്ടത്.
സമാന രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മുംബൈയിൽ നിന്നും ലക്ഷങ്ങളുടെ വെട്ടിപ്പാണ് സംഘം നടത്തിയത്. സൗദിയിലേക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൊയിലാണ്ടി മേഖലയിൽ നിന്ന് 15 പേരുടെ കൈയിൽ നിന്നായി തുക കൈപ്പറ്റുകയായിരുന്നു. ഇവരിൽ ഒന്പത് പേരുടെ ആദ്യ ബാച്ചിന് മുംബൈയിലെത്തി സൗദിയിലേക്ക് വിമാനം കയറാമെന്ന് ഉറപ്പ് കൊടുക്കുകയുമായിരുന്നു.
മുംബൈയിൽ എത്തിയ ശേഷമാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസിലാക്കുന്നത്. നാട്ടിലെത്തിയശേഷം കൊയിലാണ്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.
കൊയിലാണ്ടി പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിടയിലാണ് കഴിഞ്ഞ ദിവസം കോട്ടയം പോലീസ് ഇവരെ പിടികൂടുന്നത്. പ്രതിയെ പിന്നീട് കൊയിലാണ്ടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.