വൃദ്ധ ദമ്പതികളുടെ കുടിൽ സാമൂഹ്യ ദ്രോഹികൾ അടിച്ച് തകർത്തു
1301528
Saturday, June 10, 2023 12:36 AM IST
വടകര: ആയഞ്ചേരിയിൽ വൃദ്ധദമ്പതികളുടെ കുടിലിന്റെ ശുചിമുറി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. ആയഞ്ചേരി കുറ്റി വയലിലെ വൃദ്ധ ദമ്പതികളായ അപ്പുക്കുട്ടൻ, ഉഷ എന്നിവരുടെ കുടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തകർന്ന നിലയിൽ കണ്ടത്.
നാട്ടുകാരായ രണ്ട് പേർ സൗജന്യമായി നൽകിയ അഞ്ചര സെന്റ് ഭൂമിയിലാണ് ഇവർ കുടിൽ കെട്ടി താമസിച്ചിരുന്നത്. ഗൂഡല്ലൂരിൽ നിന്ന് എട്ട് വർഷം മുമ്പ് ആയഞ്ചേരിയിൽ താമസമാക്കിയതാണ് അപ്പുക്കുട്ടനും കുടുംബവും.
പശുക്കളെ വളർത്തിയാണ് ഉപജീവനം കഴിച്ചത്. പശുക്കൾ ചത്തുപോയതോടെ ഇപ്പോൾ മറ്റു വീടുകളിലെ പശുക്കളുടെ കറവ ചെയ്താണ് ജീവിക്കുന്നത്. വാടക നൽകാൻ കഴിവില്ലാത്തത് കൊണ്ടാണ് താമസ സ്ഥലത്ത് നിന്ന് മാറേണ്ടി വന്നത്. നാട്ടുകാരനായ കുഞ്ഞമ്മദ് ഹാജിയും ജമാലും ചേർന്ന് നൽകിയ അഞ്ചര സെന്റ് ഭൂമിയിൽ കഴിഞ്ഞ ദിവസമാണ് ഇവർ കുടിൽ കെട്ടിയത്, കുടിലിനോട് ചേർന്ന് നിർമിച്ചു കൊണ്ടിരുന്ന കുളിമുറിയും ശുചി മുറിയുമടങ്ങിയ ഭാഗമാണ് തകർക്കപ്പെട്ടത്.
രാത്രിയിൽ ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്ത് പോയ സമയത്താണ് സാമൂഹ്യദ്രോഹികൾ തകർത്തത്.
സിമന്റ് കട്ട കൊണ്ട് നിർമിച്ച ഭാഗം മുഴുവനായും തകർത്ത നിലയിലാണ്. ബാക്കിയുള്ള കുടിലിൽ ഭീതിയോടെയാണ് രാത്രിയിൽ ഇവർ കഴിയുന്നത്. മക്കൾ രണ്ട് പേരും തൊഴിൽ തേടി മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്. വടകര പോലീസിൽ പരാതി നൽകി.