കഥോത്സവം ജില്ലാതല ശില്പശാലക്ക് തുടക്കമായി
1297631
Saturday, May 27, 2023 12:24 AM IST
കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് "കഥോത്സവം' ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി.
2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച് 2024 ഫെബ്രുവരി മാസത്തിൽ മഹാബാലോത്സവത്തിൽ അവസാനിക്കുന്ന രീതിയിലാണ് പ്രീ പ്രൈമറി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആട്ടവും പാട്ടും, വരയുത്സവം, കളിയുത്സവം, രുചിയുത്സവം, നിർമാണ ഉത്സവം, കാഴ്ചയുത്സവം, ശാസ്ത്രോത്സവം എന്നിവ ഇതിനോടനുബന്ധിച്ചു നടക്കും. ഇതിനായി അധ്യാപകരെ സജ്ജമാക്കുകയും വൈവിധ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ശില്പശാലയുടെ ലക്ഷ്യം. ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം പി.ടി.എ. റഹീം എംഎൽഎ നിർവഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ എസ്. യമുന അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ്കുമാർ, അമ്പിളി എസ്. വാരിയർ, ടിജോ പോൾ എന്നിവർ പ്രസംഗിച്ചു.