ആരോഗ്യമന്ത്രിക്ക് മൈനസ് മാര്‍ക്കെന്ന് പി.കെ.ഫിറോസ് : യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം
1572699
Friday, July 4, 2025 5:00 AM IST
കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഡിഎംഒ ഓഫീസ് മാര്‍ച്ച് നടത്തി.മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കിവന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണമായും ഒതുക്കിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ടെര്‍മിനലിന് മുന്നിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം.പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.