കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി
1572712
Friday, July 4, 2025 5:14 AM IST
ബാലുശേരി: പനായിയിൽ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ നാലെ മുക്കാൽ പവന്റെ സ്വർണാഭരണം ഉടമയെ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി.
വള്ളിയോത്ത് കണ്ണോറക്കണ്ടി അഷ്ബാൻ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവർക്കാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങിയ അവസരത്തിൽ റോഡരികിൽ കുട്ടികളുടെ സോക്സിനു മുകളിലായി സ്വർണാഭരണം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻ തന്നെ സ്വർണം ബാലുശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അതിനിടെ തന്റെ സ്വർണാഭരണം നഷ്ടപ്പെട്ടു എന്ന പരാതിയുമായി പനായി സ്വദേശിനിയായ യുവതി ഇന്നലെ ബാലുശേരി പോലീസ് സ്റ്റേഷനിൽ എത്തുകയും ആഭരണങ്ങൾ തിരിച്ചറിയുകയുമായിരുന്നു.
തുടർന്ന് സ്റ്റേഷനിൽ സ്വർണം ഏൽപ്പിച്ച യുവാക്കളെ വിളിച്ചു വരുത്തി പോലീസ് സാന്നിധ്യത്തിൽ ഉടമസ്ഥക്ക് കൈമാറി.