കൂരാച്ചുണ്ട് ടൗണിൽ തെരുവുനായകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു
1572707
Friday, July 4, 2025 5:14 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. സ്കൂൾ പരിസരങ്ങളിലും ഇവ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. കൂരാച്ചുണ്ട് ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന യാത്രക്കാർ ഏറെ ഭയത്തോടെയാണ് ടൗണിലൂടെ കടന്നുപോകുന്നത്.
സ്കൂൾ വിടുന്ന സമയങ്ങളിൽ ഇവ റോഡിലൂടെ കൂട്ടമായി വിലസുന്നത് വിദ്യാർഥികളിൽ ഭീതി ജനിപ്പിക്കുകയാണ്. മാത്രമല്ല യാത്രക്കാരായ പലരും ആക്രമണത്തിനു ഇരയായതായും പറയുന്നുണ്ട്. ബസ് സ്റ്റാൻഡിലും സർക്കാർ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും മറ്റുമാണ് തെരുവുനായകൾ തമ്പടിക്കുന്നത്.
കൂരാച്ചുണ്ട് ടൗണിൽ നിന്നും അടുത്തകാലത്തായി ഒട്ടേറെ പേരെ തെരുവുനായ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേരുകയും ഇതിനായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെങ്കിലും കാര്യക്ഷമമായ ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.