കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1245529
Sunday, December 4, 2022 12:38 AM IST
തോട്ടുമുക്കം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കുവാൻ വേണ്ടി നടത്തുന്ന സമരത്തെ തീവ്രവാദ ബന്ധം ആരോപിച്ച് അടിച്ചമർത്താനും ബിഷപ്പുമാരെ കള്ളകേസിൽ കുടുക്കാനും നടത്തുന്ന ശ്രമങ്ങൾക്ക് എതിരേ തോട്ടുമുക്കം മേഖലാ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ റാലിയും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് തോട്ടമുക്കം മേഖലാ ഡയറക്ടർ ഫാ. ആന്റോ മൂലയിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്ത് ഇരുന്ന കാലത്ത് വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യബന്ധനത്തിന് മരണമണി മുഴക്കുകയാണെന്നും ഇവിടെ കടലിന് കണ്ണുനീരിന്റെ ഉപ്പാണെന്നും പറഞ്ഞ ഇന്നത്തെ ഭരണാധികാരികൾ എന്തുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ഡയറക്ടർ ഫാ. സബിൻ തൂമുള്ളിൽ ആവശ്യപ്പെട്ടു.
തോട്ടുമുക്കം മേഖലാ പ്രസിഡന്റ് സാബു വടക്കേപ്പടവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിംസ് തൊട്ടിയിൽ, കത്തോലിക്ക കോൺഗ്രസ് രൂപത സെക്രട്ടറി അനീഷ് വടക്കേൽ, വൈസ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കൽ, കെ.കെ. ജോർജ്, ഷാജു പനക്കൽ എന്നിവർ പ്രസംഗിച്ചു.