കലോത്സവ കാഴ്ചകളുമായി സപ്ലിമെന്റ്
1244932
Thursday, December 1, 2022 11:58 PM IST
വടകര: ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഭാഗമായി 'വൈബി'ന്റെ ആഭിമുഖ്യത്തില്‍ വര്‍ണാഭമായ കലോത്സവ കാഴ്ചകളുടെ സപ്ലിമെന്റ് പുറത്തിറക്കി. കടത്തനാടിന്റെ ഉത്സവ ലഹരിയെ നാട് ഒന്നടങ്കം ഏറ്റടുത്ത കാഴ്ചകളാണ് വൈബിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ സപ്ലിമെന്റിന്റെ ഉള്ളടക്കം.
വടകര നിയോജക മണ്ഡലത്തില്‍ കെ.കെ. രമ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ് വൈബ്. സപ്ലിമെന്റിന്റെ പ്രകാശനകര്‍മ്മം ഡിഡിഇ സി. മനോജ് കുമാര്‍ നിര്‍വഹിച്ചു. മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ അനില്‍കുമാര്‍ ഏറ്റുവാങ്ങി. കെ.കെ. രമ എംഎല്‍എ, വി.കെ. അസീസ്, പ്രമോദ്, സുധീര്‍ സര്‍ഗം, വടയക്കണ്ടി നാരായണന് എന്നിവര്‍ സംബന്ധിച്ചു.
ലഹരി വിരുദ്ധ നാടകവുമായി
എസ്പിസി കേഡറ്റുകൾ
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തലയാട് എഎൽപി സ്കൂളിൽ ലഹരി വിരുദ്ധ നാടകവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കേഡറ്റുകളായ ആദി ജോ ഷിബി, അഭിനവ് രമേശ്, അഭിജിത്ത് ബാബു, മിലൻ ജോസഫ് അഞ്ചലോ, ഷാരോൺ അലൻ, സുഭിൻ എന്നിവരാണ് നാടകം അവതരിപ്പിച്ചത്. കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസുകൾ കേഡറ്റുകളായ ശിവകാമി പ്രജിലേഷ്, കെ.പി. അപൂർവ്വ എന്നിവർ നയിച്ചു.