കാട്ടാന ആക്രമണത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയിൽ സോളാർ പ്രതിരോധം
1577107
Saturday, July 19, 2025 5:46 AM IST
എടക്കര: കാട്ടാനകളുടെ നിരന്തര ആക്രമണത്തിലും വനം വകുപ്പ് തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചും കാട്ടാനകൾക്ക് പ്രതിരോധം തീർത്ത് കൈപ്പിനി നിവാസികൾ. മാസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാനകളുടെ ആക്രമണം തടയാൻ വയനാട് എംപിക്കും മുഖ്യമന്ത്രിക്കും വനംവകുപ്പിനും ജില്ലാ കളക്ടർ, എംഎൽഎ എന്നിവർക്കും നിരവധി നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കൈപ്പിനി, മുണ്ടപ്പാടം, അന്പലപ്പൊയിൽ നിവാസികൾ സ്വന്തംനിലയ്ക്ക് കാട്ടാനകൾക്ക് പ്രതിരോധം തീർക്കാൻ തയാറായത്.
അന്പലപ്പൊയിൽ നവദീപം കലാകായിക വേദി പ്രവർത്തകരും പ്രദേശവാസികളും ഒന്നിച്ചപ്പോൾ കിലോമീറ്ററുകളോളം ദൂരത്ത് സോളാർ ഫെൻസിംഗ് തയറാവുകയാണ്. ഒരു ലക്ഷം രൂപയിലേറെ പിരിവെടുത്താണ് ചക്കുറ്റി, മുണ്ടപ്പാടം, അന്പലപ്പൊയിൽ, മണ്ണാത്തി ക്ഷേത്രം, നീലഞ്ഞിവരെ ഏഴ് കിലോമീറ്ററോളം ദൂരം ഒറ്റദിവസം കൊണ്ട് നാട്ടുകാർ ഫെൻസിംഗ് നടത്തിയത്. രണ്ട് ലക്ഷം രൂപയോളം ഫെൻസിംഗിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ആറ് സോളാർ പാനലുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.
പ്രദേശത്തെ നൂറ്റിയൻപതോളം കർഷകർക്ക് സോളാർ ഫെൻസിംഗ് ഉപകാരപ്രദമാകും. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വിവിധ വകുപ്പുകൾ കർഷകർക്കെതിരെ മുഖംതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൂട്ടായ്മയിൽ പ്രദേശത്ത് വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ സോളാർ ഫെൻസിംഗ് ഒരുങ്ങുന്നത്.
പ്രദശവാസികളും കമ്മിറ്റി ഭാരവാഹികളുമായ സുബ്രഹ്മണ്യൻ, ശശിധരൻ കാവനാൽ, എ.കെ. രാമചന്ദ്രൻ, രാജു തൊട്ടുങ്ങൽ, അനിൽ ആര്യാട്ടിടത്തിൽ, കെ.എൻ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ സംവിധാനം നടപ്പാക്കിയത്.