കരുവാരകുണ്ട് കിഴക്കേത്തലയിൽ സമൂഹ്യവിരുദ്ധരുടെ ശല്യമെന്ന് പരാതി
1577104
Saturday, July 19, 2025 5:43 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് കിഴക്കേത്തലയിൽ ബസ് സ്റ്റാൻഡിനു വേണ്ടി സ്വകാര്യവ്യക്തികൾ വിട്ടുനൽകിയ സ്ഥലത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. സ്ഥലത്ത് ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു. കൂടാതെ റോഡ് നവീകരിക്കുകയും ബസുകൾക്ക് നിർത്തിയിടാൻ ആവശ്യമായ സ്ഥലം കോണ്ക്രീറ്റ് ചെയ്ത് വൃത്തിയാക്കുകയും ചെയ്തിരുന്നു.
ഇവിടെയാണ് നേരം ഇരുട്ടുന്നതോടെ സാമൂഹ്യവിരുദ്ധരും മദ്യപാനികളും കൂട്ടത്തോടെ എത്തി മദ്യപിക്കുകയും തമ്മിൽ തല്ലുകൂടുകയും ചെയ്യുന്നതെന്നാണ്് പ്രദേശവാസികൾ പരാതിപ്പെടുന്നത്. പകൽ സമയങ്ങളിൽ നാട്ടുകാർ വ്യായാമത്തിനും മറ്റും സ്ഥലം ഉപയോഗിക്കാറുണ്ട്. എന്നാൽ മദ്യക്കുപ്പികൾ പൊട്ടിച്ചിട്ടും കുപ്പികൾ വിതറിയും ഇത്തരം പ്രവർത്തനങ്ങൾക്കും തടസം സൃഷ്ടിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. ശല്യം അസഹ്യമായപ്പോൾ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
മാസങ്ങൾക്ക് മുന്പ് ലഹരിക്കെതിരെ നാട്ടുകാരും അധികൃതരും ചേർന്ന് വ്യാപകമായ പ്രചാരണങ്ങളും മറ്റു നടപടികളും കൈക്കൊണ്ടിരുന്നു. എന്നാൽ ലഹരി മാഫിയ വീണ്ടും സജീവമായിരിക്കുകയാണ്.
പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി മദ്യപാനികളെയും ലഹരി മാഫിയയെയും അടിച്ചമർത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരം തേടി ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.