കീം പരീക്ഷ: തുല്യനീതി ലഭ്യമാക്കണമെന്ന് അണ് എയ്ഡഡ് സ്കൂൾ പ്രൊട്ടക്ഷൻ കൗണ്‍സിൽ
1577098
Saturday, July 19, 2025 5:43 AM IST
പെരിന്തൽമണ്ണ: സർക്കാർ നടത്തുന്ന എൻജിനീയറിംഗ് പ്രവേശന പരീക്ഷ (കെഇഇഎം) യിൽ പ്ലസ്ടു മാർക്ക് ഏകീകരിക്കാതെ എല്ലാ സിലബസുകാർക്കും തുല്യനീതിയും തുല്യാവസരവും പ്രദാനം ചെയ്യുന്നതിനായി വരും വർഷങ്ങളിൽ പ്രവേശന പരീക്ഷയുടെ മെറിറ്റ് മാത്രം മാനദണ്ഡമാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അതിനായി ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ മാതൃകയാക്കണമെന്നും കേരള അണ് എയ്ഡഡ് പ്രൊട്ടക്ഷൻ കൗണ്‍സിൽ ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഈ വർഷത്തെ കീം റാങ്ക് ലിസ്റ്റ് സുപ്രീംകോടതി വരെയെത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാനസിക സമ്മർദ്ദമുണ്ടാക്കിയ പശ്ചാത്തലത്തിൽ സംഘടനയുടെ ജില്ലാ പ്രവർത്തക സമിതി യോഗമാണ് ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനമെടുത്തത്. എല്ലാ വിദ്യാർഥികൾക്കും തുല്യനീതി ലഭ്യമാക്കാൻ സുപ്രീം കോടതിയിൽ നൽകിയ കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം. ജൗഹർ അധ്യക്ഷത വഹിച്ചു. റീജിയണൽ സെക്രട്ടറി എം. അബ്ദുൾനാസർ മുഖ്യപ്രഭാഷണം നടത്തി ഭാവി പദ്ധതികൾ വിശദീകരിച്ചു.
ഭാരവാഹികളായ കല്ലിങ്ങൽ മുഹമ്മദാലി, പ്രമോദ് തലാപ്പിൽ, ഡോ. സി.കെ.എം. ശിബിലി, ഫാ. നന്നം പ്രേംകുമാർ, സൈദ് മുസ്തഫ തങ്ങൾ, അബ്ദുൾ അക്ബർ, കെ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.