ചാലിയാർ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ട പാളുന്നു; ഷൂട്ടർമാർക്ക് പണം ലഭ്യമായില്ല
1577099
Saturday, July 19, 2025 5:43 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിന്റെ ശല്യക്കാരായ കാട്ടുപന്നി വേട്ട ഒറ്റ ദിവസം കൊണ്ട് തീർന്നെങ്കിലും ഷൂട്ടർമാർക്ക് പണം നൽകുന്ന നടപടി വൈകുന്നു. കഴിഞ്ഞ രണ്ട് വർഷമായി ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ഉണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പാക്കാത്ത ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ചാലിയാർ ഗ്രാമപഞ്ചായത്ത്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിലാണ് ഇത്തരം കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തീരുമാനമെടുക്കുകയും അതിനായി 17 ഷൂട്ടർമാരെ നിയമിക്കുകയും ചെയ്തത്.
ജൂലൈ അഞ്ച് മുതൽ ഓഗസ്റ്റ് അഞ്ച് വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ കഴിഞ്ഞ തിങ്കളാഴച മാത്രമാണ് കാട്ടുപന്നി വേട്ട നടത്തിയത്. ഒറ്റ ദിവസം കൊണ്ട് ഷൂട്ടർമാർ 13 കാട്ടുപന്നികളെ വെടിവച്ച് കൊല്ലുകയും ചെയ്തു.
തോക്ക് ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാർ പഞ്ചായത്ത് അനുമതിയോടെ ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്പോൾ ഷൂട്ടർക്ക് 1500 രൂപ നൽകണം. കാട്ടുപന്നിയെ കുഴിച്ചിടുന്നതിന് ഒരു പന്നിക്ക് 2000 രൂപയും നൽകണം. എന്നാൽ ഷൂട്ടർമാർക്ക് കൃത്യമായി പണം നൽകാൻ പോലും നടപടി എടുക്കാതെയാണ് പഞ്ചായത്ത് അധികൃതർ കാട്ടുപന്നി വേട്ടയ്ക്ക് ഇറങ്ങിയത്.
കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്താണ് ചാലിയാർ. 16 വാർഡുകളിലും പന്നി ശല്യമുണ്ട്. മൈലാടി മുതൽ അകന്പാടം വരെയുള്ള റോഡിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നി സാന്നിധ്യമുള്ളത്. നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് കാട്ടുപന്നികൾ റോഡിന് കുറുകെ ചാടി പരിക്കേറ്റിട്ടുമുണ്ട്. അഞ്ച് വർഷം മുന്പ് ഒരു ടാപ്പിംഗ് തൊഴിലാളി കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെത്തുടർന്ന് അപകടത്തിൽ മരിച്ചിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്. ഒരു മാസം നീണ്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച കാട്ടുപന്നി വേട്ട ഒരു ദിവസത്തിൽ ഒതുക്കരുതെന്നാണ് ജനങ്ങൾ പറയുന്നത്. പറഞ്ഞ കാലയളവിൽ തന്നെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാനും വെടിവച്ച് കൊല്ലുന്ന ഷൂട്ടർമാർക്ക് കൃത്യസമയത്ത് പണം നൽകാനും നടപടി വേണമെന്നാണ് ആവശ്യം.