ചാലിയാര്‍ റിവര്‍ പാഡില്‍ നാളെ നിലമ്പൂരില്‍
1458591
Thursday, October 3, 2024 4:01 AM IST
നിലമ്പൂര്‍: പത്താമത് ചാലിയാര്‍ റിവര്‍ പാഡിലിന് നാളെ നിലമ്പൂരില്‍ തുടക്കമാകും. മാനവേദന് ഹയര്‍സെക്കന്‍ഡറി സ്ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് വൈകിട്ട് മൂന്നിനാരംഭിക്കുന്ന കയാക്കിംഗ് ബോധവത്ക്കരണ യാത്ര ആറിന് വൈകിട്ട് മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിക്കും.
ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിംഗ് യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് യാത്ര സംഘടിപ്പിക്കുന്നത്.
കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, കേരള അഡൈ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, ഗ്രീന്‍ വേംസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. പിവി അബ്ദുള്‍വഹാബ് എംപി യാത്ര ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിംഗ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യപരിശീലകന്‍ പ്രസാദ് തുമ്പാണി എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് 60 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പത്ത് മുതല്‍ എഴുപത് വയസുവരെയുള്ളവര്‍ സംഘത്തിലുണ്ടാകും. ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്ററാണ് സഞ്ചരിക്കുക. ലോക കയാക്കിംഗ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ സവിശേഷത. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കയാക്കിംഗ്.
മൂന്നു ദിവസങ്ങള്‍കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്ന് ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കുവാനാണ് സംഘം ലക്ഷ്യമിടുന്നതെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണത്തിന് അയക്കുമെന്നും കൗഷിക്ക് വ്യക്തമാക്കി. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തും.