ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് മീറ്റ്: കായിക കലണ്ടര്‍ ഇന്ന് പ്രസിദ്ധീകരിക്കും
1443340
Friday, August 9, 2024 5:07 AM IST
തേഞ്ഞിപ്പലം: ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് മീറ്റ് കാലിക്കട്ട് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നവംബര്‍ ഏഴ് മുതല്‍ 11 വരെ നടത്താന്‍ സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് തീരുമാനം. 2000ത്തില്‍ കൊല്ലത്ത് നടന്ന ദേശീയ മീറ്റ് 24 വര്‍ഷത്തിന് ശേഷം കാലിക്കട്ട് വാഴ്സിറ്റി സ്റ്റേഡിയത്തില്‍ നടത്താന്‍ ഇന്നലെ സര്‍വകലാശാല കാമ്പസില്‍ ചേര്‍ന്ന അസോസിയേഷന് ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ഇന്ന് കായിക കലണ്ടര്‍ പ്രസിദ്ധീകരിക്കാനും വരും ദിവസങ്ങളിലായി തയാറെടുപ്പുകള്‍ തുടങ്ങാനും തീരുമാനമായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യയിലെ തന്നെ പ്രധാന മീറ്റില്‍ 2000ത്തോളം കായിക താരങ്ങളും 100ലധികം ഒഫീഷ്യല്‍സും പങ്കെടുക്കും.
ഒരു കോടി രൂപയോളം ചെലവ് വരുന്ന മീറ്റ് നടത്തിപ്പിന് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. സംഘാടക സമിതി രൂപീകരണം ഉടനുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അണ്ടര്‍ 14,16,18,20 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.