സിദ്ദീഖ് കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി
1297613
Saturday, May 27, 2023 12:21 AM IST
തിരൂർ: കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തിരൂർ മുത്തൂർ സ്വദേശിയായ സിദ്ദിഖ് നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കിടയിലും പ്രിയപ്പെട്ടവനാണ്.
സാമൂഹ്യ സന്നദ്ധ മേഖലകളിൽ സജീവ പിന്തുണ നൽകിയിരുന്ന വ്യക്തി കൂടിയാണ് സിദ്ദീഖ്. സിദ്ദീഖ് അതിദാരുണമായി കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടുകാർക്ക് ഉൾകൊള്ളാനായിട്ടില്ല. ഏറെ നാൾ പ്രവാസ ജീവിതം നയിച്ചിരുന്ന സിദ്ദീഖ് അഞ്ച് വർഷം മുന്പാണ് നാട്ടിൽ സ്ഥിരമാക്കിയത്. തുടർന്ന് കോഴിക്കോട് ഹോട്ടൽ ബിസിനസ് നടത്തി വരികയായിരുന്നു. പിതാവിനെ കാണാനില്ലെന്ന് കാണിച്ച് മകൻ തിരൂർ പോലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. എന്നാൽ നടുക്കുന്ന കൊലപാതക വിവരമാണ് കുടുംബത്തിനും നാട്ടുകാർക്കും അറിയാൻ സാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദിൽ ഖബറടക്കി.