വാഹനയാത്രികര്‍ക്ക് ദുരിതമായി ശ്രീകണേ്ഠശ്വരം റോഡിലെ മെറ്റലുകള്‍
1573441
Sunday, July 6, 2025 6:50 AM IST
പേരൂര്‍ക്കട: ശ്രീകണേ്ഠശ്വരം റോഡില്‍ ഇറക്കിയിരിക്കുന്ന മെറ്റല്‍ക്കൂന വഴിയാത്രികര്‍ക്കും വാഹനയാത്രികര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. രണ്ടാഴ്ചയ്ക്കു മുമ്പാണ് ഇവിടെ മെറ്റല്‍ക്കൂന ഇറക്കിയിട്ടത്. ശ്രീകണേ്ഠശ്വരം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ശീവേലി നഗര്‍, പ്ലാഞ്ചേരി നഗര്‍, കൈതമുക്ക് കൃഷ്ണന്‍കോവില്‍ റോഡ്, അത്താണി ലെയിന്‍ തുടങ്ങിയ ഇടറോഡുകള്‍ ടാര്‍ ചെയ്യുന്നതിനുവേണ്ടിയാണ് വിവിധ സ്ഥലങ്ങളിലായി മെറ്റലുകള്‍ ഇറക്കിയിട്ടിരിക്കുന്നത്.
നഗരസഭയുടെ 25 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ മെറ്റലുകള്‍ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നതാണ് വാഹനയാത്രികര്‍ക്കു ദുരിതമായിരിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഹെവി വാഹനങ്ങളും കാറുകളും മറ്റും സഞ്ചരിക്കുന്നതിലൂടെ മെറ്റലുകള്‍ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്കു വഴിവയ്ക്കും.
കൈതമുക്കില്‍ നിന്ന് അരകിലോമീറ്ററോളം സഞ്ചരിച്ച് തകരപ്പറമ്പ്, പഴവങ്ങാടി ഭാഗത്തേക്ക് പോകുന്നതിനുള്ള പ്രധാന റോഡുവശത്താണ് അപകടകരമായ രീതിയില്‍ മെറ്റലുകള്‍ ഇറക്കിയിട്ടിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
റോഡിലേക്കു വീണുകിടക്കുന്ന മെറ്റലുകള്‍ വശങ്ങളിലേക്കു മാറ്റിയിടുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. മഴ ഇടയ്ക്കിടെ പെയ്യുന്നതാണ് റോഡിന്റെ പണി നീണ്ടുപോകാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പി. രാജേന്ദ്രന് നായര്‍ പറയുന്നു.