വ്യാജ ബാലറ്റ് വിഷയം: യുവാവിനെ മര്‍ദിച്ച എട്ടു പേര്‍ക്കെതിരേ കേസ്
1573442
Sunday, July 6, 2025 6:50 AM IST
മെഡിക്കല്‍കോളജ്: ജനറല്‍ ആശുപത്രിക്കു സമീപത്തെ ജിഎന്‍എം നഴ്സിംഗ് കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കല്ലറ പരപ്പില്‍ എന്‍ആര്‍ സ്കൂള്‍ ജംഗ്ഷന് അശ്വതിയില്‍ ജി. ഉല്ലാസ് കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഇദ്ദേഹം എന്‍ജിഒ യൂണിയന് സൗത്ത് ജില്ലാ പ്രസിഡന്റാണ്. കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കപ്പെട്ടതില്‍ വരണാധികാരിക്ക് വാക്കാല്‍ പരാതി നല്‍കിയതാണ് വിരോധത്തിനു കാരണമായത്.
കാമ്പസില്‍ ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഉല്ലാസിനെ എട്ടംഗസംഘം കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാള്‍ കൈമുറുക്കി ഉല്ലാസിന്റെ മുഖത്തിടിച്ചു. ഇടതുകണ്ണിനു പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.