ജൈവകൃഷി ബോധവത്കരണവുമായി മാനേജ്മെന്റ് വിദഗ്ധരായ ദന്പതികള്‍
1573439
Sunday, July 6, 2025 6:50 AM IST
നെയ്യാറ്റിന്‍കര : മാനേജ്മെന്റ് വിദഗ്ധരായി വിദേശത്ത് സേവനം അനുഷ്ഠിച്ച ദന്പതികള്‍ ജൈവകൃഷിയുടെ സ്നേഹപ്രചാരകരായി നാട്ടില്‍ സജീവം. ഓലത്താന്നി നുള്ളിയോട് സ്വദേശികളായ റോബിന്‍സണും ഭാര്യ സരിതയും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലും സമീപപ്രദേശങ്ങളിലും ജൈവകൃഷിയുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.
24 വര്‍ഷത്തോളം സൗദി അറേബ്യയില്‍ ഉദ്യോഗസ്ഥരായിരുന്ന ഇരുവര്‍ക്കും കൃഷിയോടു പണ്ടേ ഹൃദയാഭിമുഖ്യമുണ്ട്. മെക്കാനിക്കല്‍ എൻജിനീയറിംഗ് ബിരുദധാരിയായ റോബിന്‍സണും നഴ്സിംഗ് ബിരുദധാരിണിയായ സരിതയും എംബിഎ ബിരുദധാരികള്‍ കൂടിയാണ്.
കര്‍ഷകനും സര്‍ക്കാര്‍ ജീവനക്കാരനുമായിരുന്ന പിതാവിന്റെ വഴി പിന്തുടര്ന്നാണ് റോബിന്‍സണ്‍ ജൈവകൃഷി പ്രചാരണ- ബോധവത്കരണ പരിപാടികളുമായി ജീവിതയാത്ര തുടരുന്നത്. അതോടൊപ്പം കര്‍ഷകരില്‍നിന്നും ആനക്കൊന്പന് വെണ്ട, ചുവന്ന പയര്‍ മുതലായവയുടെ വിത്തുകള്‍ ശേഖരിച്ചും കര്‍ഷകര്‍ക്കാവശ്യമായ ജൈവവളം തയാറാക്കിയും വില്‍ക്കുന്നുമുണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള പച്ചക്കറികള്‍ വീട്ടുപരിസരത്തു തന്നെ കൃഷി ചെയ്യുന്നു.
നെയ്യാറ്റിന്‍കര നഗരസഭയിലെ ആകെയുള്ള 44 വാര്‍ഡുകളില്‍ നല്ലൊരു ശതമാനം പ്രദേശത്തും കര്‍ഷകര്‍ക്കായി ജൈവബോധവത്കരണ ക്ലാസുകള്‍ ഇതിനോടകം ഈ ദന്പതികള്‍ കൈകാര്യം ചെയ്തു.