വാഴത്തോട്ടത്തിൽ അജ്ഞാത മൃതദേഹം
1568915
Friday, June 20, 2025 10:19 PM IST
നെയ്യാറ്റിന്‍കര : നഗരസഭയില്‍ വ്ലാങ്ങാമുറിക്കു സമീപത്തെ വാഴത്തോട്ടത്തിലെ ചാലില്‍ വൃദ്ധന് മരിച്ച നിലയില്‍. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വ്ലാങ്ങാമുറി പനങ്ങാട്ടുകരി ഏലായ്ക്ക് അടുത്തായി മുഞ്ചിറ റോഡിനരികിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തിലാണ് അജ്ഞാത മൃതദേഹം ഇന്നലെ കണ്ടെത്തിയത്.
തോട്ടത്തിനു അപ്പുറത്തെ കൃഷിയിടത്തിലെത്തിയ വ്യക്തി മൃതദേഹം ആദ്യമായി കണ്ട് നഗരസഭ മുന്‍ കൗണ്‍സിലര്‍ പനങ്ങാട്ടുകരി സുരേഷിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം ഉടന്‍ സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അറുപതു വയസ് പ്രായം തോന്നിക്കുന്നയാളിന്റെ മൃതദേഹം വാഴത്തോട്ടത്തിലെ വെള്ളം ഒഴുകുന്ന ചാലിലേയ്ക്ക് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി.
മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അജ്ഞാതനെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവൂ എന്നും പോലീസ് അറിയിച്ചു.