നെയ്യാറ്റിന്‍കര താലൂക്കില്‍ വായന വാരാഘോഷങ്ങള്‍ക്ക് തുടക്കം
1568893
Friday, June 20, 2025 6:36 AM IST
നെയ്യാറ്റിന്‍കര: താലൂക്കിലെ വിവിധ വിദ്യാലയങ്ങളുടെയും ഗ്രന്ഥശാലകളുടെയും ആഭിമുഖ്യത്തില്‍ വായന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഒരാഴ്ചത്തെ പരിപാടികള്‍ക്കാണു മിക്കവാറും എല്ലായിടത്തും രൂപം നല്‍കിയിട്ടുള്ളത്. വ്യത്യസ്ത പരിപാടികള്‍ നിറഞ്ഞ വാരാഘോഷം 25നു സമാപിക്കും.
ലൂര്‍ദുപുരം സെന്റ് ഹെലന്‍സ് ഹൈസ്കൂളില്‍ വായനദിനാഘോഷം എഴുത്തുകാരി ആര്. പി. വരദ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ബാലസാഹിത്യ പ്രതിഭകളായ അഷ്നിക കാര്‍മല്‍, ജെ.ബി. അലീന, ജ്യൂവല്‍ എസ്. ജോണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ. ബെയ്സില്‍ ഷിബു അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സമ്മ തോമസ്, സ്റ്റാഫ് പ്രതിനിധികളായ നിഷ, നീനു എന്നിവര്‍ സംബന്ധിച്ചു.
ധനുവച്ചപുരം എന്‍കെഎം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വായന ദിനാഘോഷം കഥാകൃത്ത് രജനി എസ്. രാജ് ഉദ്ഘാടനം ചെയ്തു. പ്രശ്നോത്തരി, പോസ്റ്റര്‍ നിര്‍മാണം, എന്റെ വായന, സാഹിത്യകാരനും ഞാനും, അക്ഷരവൃക്ഷം, അഭിമുഖം മുതലായ പരിപാടികള്‍ വായന വാരത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കാഞ്ഞിരംകുളം ഗവ എല്‍പി സ്കൂളിൽ വായനദിനാഘോഷം അധ്യാപകനും കരിയര്‍ ട്രെയിനറുമായ ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സോഫി, പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. അതിഥികളും വിദ്യാര്‍ഥി പ്രതിനിധികളും ചേര്‍ന്ന് അക്ഷരവിളക്ക് തെളിച്ചു.
ദേശീയ വായന ദിനാഘോഷങ്ങളുടെ ഭാഗമായി ഊരൂട്ടുകാല ഡോ. ജി.ആര്. പബ്ലിക് സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ യുവകവയിത്രി ജെ.എസ്. പവ്യ വിശിഷ്ടാതിഥിയായി. മാനേജിംഗ് ട്രസ്റ്റി അഡ്വ. ആര്.എസ്. ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഈഴക്കോട് സെന്റ് ഫ്രാന്‍സിസ് എല്‍പി സ്കൂളില്‍ വായന ദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങാതിക്കൊരു പുസ്തകം പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളിലെ സുഹൃത്തുക്കള്‍ക്കു പുസ്തകങ്ങള്‍ പരസ്പരം സമ്മാനിച്ചു.
നെയ്യാറ്റിന്‍കര സെന്റ് തേരേസാസ് എല്‍പി സ്കൂളിലെ വായന ദിനാഘോഷത്തില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഗിരീഷ് പരുത്തിമഠം മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സാലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിമ, പുഷ്പ മിനി, ലളിത എന്നിവര്‍ സംബന്ധിച്ചു. അക്ഷരമരം, പുസ്തക പ്രദര്‍ശനം എന്നിവയും നടന്നു.
നെല്ലിമൂട് ദേശാഭിവർധിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന ദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും നോവലിസ്റ്റുമായ എം.എസ്. ഫൈസൽ ഖാൻ ഉദ്ഘാനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എൻ.എൽ ശിവകുമാർ അധ്യക്ഷനായി. ബി. ജോസ്പ്രകാശ്, കെ. ശശിധരൻ, കെ.ഡി. സനൽ ചന്ദ്രഘോഷ്, ആർ. ശകുന്തള, കെ.വി. ഷിബു, നെല്ലിമൂട് ശ്രീകുമാർ, നെല്ലിമൂട് വിശ്വംഭരൻ എന്നിവര്‍ പ്രസംഗിച്ചു. കോട്ടുകാൽ ഡിവിഎൽപി എസ്സിലെ വിദ്യാർഥികൾ ഗ്രന്ഥശാല സന്ദർശിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം ധനുവച്ചപുരം യൂണിറ്റ് സംഘടിപ്പിക്കുന്ന വായനവാരത്തിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ.എസ്. നവനീത് കുമാർ നിർവഹിച്ചു. പഞ്ചായത്ത് ഗ്രന്ഥശാലയിൽ നടന്ന ചടങ്ങില്‍ ഗ്രന്ഥശാലയിലെ പുതിയ മെമ്പർഷിപ്പുകൾ വിതരണം ചെയ്തു യോഗത്തിൽ ജെ.എൻ ബാബു അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു.
മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന ദിനാചരണം നെയ്യാറ്റിൻകര നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. അജിത ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻ അഡ്വ. കെ.ആർ. പത്മകുമാർ, ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, കെ.ജെ. റോയ്, പി.എസ്. അജയാക്ഷൻ എന്നിവര്‍ പങ്കെടുത്തു.