മലയിൻകീഴ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ
1568887
Friday, June 20, 2025 6:27 AM IST
പ്രവർത്തനം " ഹൈടെക് '
മലയിൻകീഴ്: മലയിൻകീഴ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. വില്ലേജ് ഓഫീസിനെകുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും പരിഹാരമായില്ല. സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണു ദിവസവും ഓഫീസിലെത്തുന്നത്.
മണിക്കൂറുകൾ കാത്തു നിന്നാലും അപേക്ഷ നൽകാനാകാത്ത സ്ഥിതിയാണ്. സർട്ടിഫിക്കറ്റുകൾക്കും പോക്കുവരവിനുമൊക്കെ എത്തുന്നവരും വസ്തു ഈടുവച്ചു വായ്പ എടുക്കേണ്ടവരും സർട്ടിഫിക്കറ്റുകൾക്കായി ദിവസങ്ങളോളം കയറിയിറങ്ങേണ്ട സ്ഥിതിയുമുണ്ട്. വൈകിയെത്തുന്ന ജീവനക്കാരും നേരത്തെ പൂട്ടുന്ന ഓഫീസും നാട്ടുകാർക്കു ശാപമായി തീർന്നിരിക്കുകയാണെന്നാണ് പറയുന്നത്.
വില്ലേജ് ഓഫീസറെ കാണണമെങ്കിൽ ഭാഗ്യം വേണമെന്നാണു നാട്ടുകാർ പറയുന്നത്. മാസങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത് മലയിൻകീഴ് വില്ലേജ് ഓഫീസിലേക്കയച്ച പോക്കുവരവ് അപേക്ഷകൾ പോലും ഇതുവരെ തീർപ്പാക്കിയിട്ടില്ല. വിവിധ ആവശ്യങ്ങൾക്ക് അപേക്ഷകളുമായി ഓഫീസിലെത്തുന്നവരോടുള്ള മോശം പെരുമാറ്റത്തെ ക്കുറിച്ചും സേവനങ്ങൾ ബോധപൂർവം വൈകിപ്പിക്കുന്നതു സംബന്ധിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകാനൊരുങ്ങുകയാണ് ജനപ്രതിനിധികൾ.
വൈദ്യുതി ഇല്ല, നെറ്റ് തകരാർ തുടങ്ങിയ കാരണങ്ങൾ നിരത്തിയാണു വില്ലേജ് ഓഫീസിലെത്തുന്ന അപേക്ഷകരെ ജീവനക്കാർ പറഞ്ഞയക്കുന്നത്. വില്ലേജ് ഓഫീസിനെതിരെ താലൂക്ക് ഓഫീസിൽ പരാതിപ്പെട്ടാലും നടപടി ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം രജിസ്റ്റർ ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും മലയിൻകീഴ് വില്ലേജിൽ പോക്കുവരവ് ചെയ്തു ഭൂനികുതി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വില്ലേജ്ഓഫീസിനു പുറത്തു പാഴ്ച്ചെടികൾ വളർന്നിറങ്ങി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുമുണ്ട്.