ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം തുടങ്ങി
1467757
Saturday, November 9, 2024 7:10 AM IST
നെയ്യാറ്റിന്‍കര : കാലൊന്ന് തെറ്റിയില്‍ പിന്നിലേയ്ക്ക് ഉരുണ്ടു വീഴുന്ന വിധത്തിലുള്ള കയറ്റം കടന്നാലേ പ്രധാന വേദിയിലെത്തുകയുള്ളൂ. തിരികെ ഇറങ്ങുന്പോഴും ശ്രദ്ധിക്കാതിരുന്നാല്‍ പണി പാളും. മഴ പെയ്താലുള്ള സ്ഥിതി പറയുകയും വേണ്ട.
എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെ ഉദ്ഘാടന സമ്മേളനത്തിലെ അതിഥികള്‍ക്കും വേദിയിലെത്താന്‍ ഈ കഠിനവഴിയിലൂടെ സാഹസികമായി സഞ്ചരിക്കേണ്ടി വന്നു.
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം അരങ്ങേറുന്ന കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്നാം വേദി മത്സരാര്‍ഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലുമൊക്കെ ആശങ്കയുണര്‍ത്തുന്നുണ്ട്.
വിദ്യാഭ്യാസ ഉപജില്ലയിലെ എഴുപതോളം സ്കൂളുകളില്‍ നിന്നുള്ള നാലായിരത്തോളം കലാപ്രതിഭകള്‍ 351 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയിലേയ്ക്കുള്ള വഴിയിലെ കയറ്റവും ഇറക്കവും തന്നെയായിരുന്നു ആദ്യ ദിനത്തിലെ മുഖ്യവര്ത്തമാനം. 11 ന് നൃത്ത മത്സരങ്ങളുടെ വേദി നിശ്ചയിച്ചിരിക്കുന്നത് ഇവിടെയാണ്.
നര്‍ത്തകര്‍ വേഷവിധാനങ്ങളോടെ ഇതുവഴിയാണ് വന്നു പോകേണ്ടതെന്ന് ചില രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്തു. കോട്ടുകാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഗീത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജി.എസ് ദീപു, എം.ടി. പ്രദീപ്, ബി. സുലോചന,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കവിതാ ജോണ്‍, ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍-എസ്.ജി അനീഷ്, ജനറല്‍ കണ്‍വീനര്‍ ആര്. ശ്രീജാ ശ്രീധര്‍, ജോയിന്റ് കണ്‍വീനര്‍മാരായ എൽ. ലത, എസ്.എസ്.ദീപ, പിടിഎ പ്രസിഡന്റ് കെ.എസ് സജി, കോട്ടുകാല്‍ ഗവ. എല്‍പിഎസ് പിടിഎ പ്രസിഡന്റ് ഷിബു, എസ്എംസി ചെയര്മാന് സി.കെ ബാബു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജി.യു ഷാലിന്‍ നോക്സ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നും നാളെയും മത്സരങ്ങളില്ല. 11 ന് കലോത്സവത്തിലെ സ്റ്റേജിനങ്ങള്‍ക്ക് തുടക്കമാകും. 13 നാണ് സമാപനം.