റോഡിലെ കുഴി അപകട ഭീഷണിയാകുന്നു
1478312
Monday, November 11, 2024 6:43 AM IST
പേരൂർക്കട: കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടറോഡിലേക്ക് കടക്കുന്ന ഭാഗത്തായി റോഡിൽ രൂപപ്പെട്ട ഭീമൻ കുഴി വാഹനയാത്രക്കാർക്ക് അപകടംഉണ്ടാക്കുന്നതായി പരാതി. ജംഗ്ഷനിൽ നിന്ന് കുറവൻകോണത്തെ തന്നെ വിവിധ ഭാഗങ്ങളിലേക്ക് തിരിയുന്ന റോഡിന്റെ മധ്യഭാഗത്തായിട്ടാണ് കുഴിസ്ഥിതി ചെയ്യുന്നത്.
കോ-ഓപ്പറേറ്റീവ് കോളജിലേക്ക് പോകുന്നവരും ഈ ഭാഗത്ത് കൂടിയാണ് സഞ്ചരിക്കുന്നത്.
കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് റോഡ് കുഴിച്ചതിനുശേഷമാണ് റോഡിൽ കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. ഇതിന് സമീപത്തായി ഡ്രെയിനേജ് പൈപ്പ് കടന്നുപോകുന്നുണ്ട്.
ഇതിന്റെ മൂടിയോട് ചേർന്നാണ് കുഴിയും. അടിമണ്ണ് ഇളകിപ്പോയി മുകൾഭാഗത്ത് ടാർ മാത്രമായി അവശേഷിക്കുന്നതിനാൽ ചവിട്ടിയാൽ താഴേക്ക് വീണുപോകുമെന്ന അവസ്ഥയുണ്ട്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് തെരുവു വിളക്കുകളിലേറെയും പ്രകാശിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈസമയങ്ങളിൽ ഇതുവഴി നടന്നു പോകുന്നവരാണ് കൂടുതൽ അപകടത്തിൽ പെടാനുള്ള സാധ്യതയുള്ളത്. ഏറെ അപകടസാധ്യത മുന്നിൽകണ്ട് നാട്ടുകാരിൽ ചിലർ ചെടിചട്ടി കുഴിയിലേക്ക് വച്ചിരിക്കുകയാണ്. അപകടസൂചന എന്ന നിലയ്ക്കാണ് ഇത് വച്ചിരിക്കുന്നതെങ്കിലും വലിയ വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയുണ്ടെന്നും നാട്ടുകാരും യാത്രക്കാരും പറയുന്നു.