ആരോഗ്യരക്ഷക്ക് മില്ലറ്റ് ഭക്ഷണം ശീലമാക്കണം: ഡോ. ഖാദർ വാലി
1478308
Monday, November 11, 2024 6:43 AM IST
വിഴിഞ്ഞം : പോഷകക്കുറവും ഗ്ലൂക്കോസ് - ഹോർമോൺ അസന്തുലിതാവസ്ഥയും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയിൽനിന്നും രക്ഷനേടാൻ മില്ലറ്റ് ഭക്ഷണം ശീലമാക്കണമെന്നും ആരോഗ്യത്തോടെ ജീവിക്കാൻ മില്ലറ്റ് പഴങ്കഞ്ഞി കുടിക്കണമെന്നും ഇന്ത്യയുടെ മിലറ്റ് മാൻ എന്നറിയപ്പെടുന്ന പത്മശ്രീ ഡോ. ഖാദർ വാലി അഭിപ്രായപ്പെട്ടു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച പൗര സ്വീകരണം ഏറ്റുവാങ്ങിയശേഷം പ്ര സം ഗിക്കുകയായിരുന്നു അദ്ദേഹം.
രോഗമില്ലാത്ത ജീവിതത്തിന് മില്ലറ്റുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, മില്ലറ്റിന്റെ ചരിത്രം, പോസിറ്റീവ് മില്ലറ്റുകൾ വഴിയുള്ള രോഗശാന്തി തുടങ്ങിയ വിഷയങ്ങളും വിവിധ രോഗങ്ങൾക്കുള്ള മില്ലറ്റ് അധിഷ്ഠിത ഭക്ഷണരീതികളും അദ്ദേഹം വിശദീകരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ നടന്ന പൗരസ്വീകരണം അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകൾ ഡോ. ഖാദർ വാലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഗാന്ധിമിത്ര മണ്ഡലം നെയ്യാറ്റിൻകരയുടെ ആഭിമുഖ്യത്തിൽ കുളത്തൂർ കൃഷിഭവന്റെയും കുളത്തൂർ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിന്റെയും നേതൃത്വത്തിൽ നടക്കുന്ന മില്ലറ്റ് കൃഷിയുടെ ലോഗോ പ്രകാശനവും മില്ലറ്റ് വിത്ത് കൈമാറ്റവും ഡോ. ഖാദർ വാലി നിർവഹിച്ചു.
നഗരസഭ കൗൺസിലർ പനിയടിമ ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എം. നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, വിവിധ സംഘടനാ ഭാരവാഹികളായ അഡ്വ. കെ. ജയചന്ദ്രൻ, എ. വിനോദ് കുമാർ, എം.വി. മാത്യു, അഡ്വ. വി.എസ്. ഹരീന്ദ്രനാഥ്, മുഹമ്മദ് ഷാഫി, എൻ. നൗഷാദ്, തങ്കം റ്റെറ്റസ്, എൽ. പങ്കജാക്ഷൻ, എൽ.വി. ടാഗോർ തുടങ്ങിയവർ സംസാരിച്ചു.