കാലവർഷക്കെടുതി : ദുരിതബാധിതർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം : മാങ്കോട് രാധാകൃഷ്ണൻ
1478315
Monday, November 11, 2024 6:54 AM IST
നെടുമങ്ങാട് : കാലവർഷക്കെടുതിൽ കൃഷിനാശം നേരിട്ടവർക്കും വീടുകൾ തകർന്നവർക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. മലയോര മേഖലകളായ കുറ്റിച്ചൽ, ആര്യനാട്, അരുവിക്കര, ഉഴമലയ്ക്കൽ, വിതുര, പെരിങ്ങമ്മല, നന്ദിയോട് , പാങ്ങോട്, കല്ലറ, വെമ്പായം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭ പ്രദേശങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് നേരിട്ടത്. നിരവധി വീടുകളും തകർന്നു.
കുറ്റിച്ചൽ മണ്ണൂർക്കര വില്ലേജിലെ ചാമുണ്ഡി നഗറിൽ അങ്കണവാടി ഹെൽപ്പർ ശകുന്തളയുടെ വീട് കനത്ത മഴയിൽ തകർന്നു. വീടിന്റെ പിറകുഭാഗത്തെ ചുമരുകൾ പൂർണമായി തകർന്നു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി അഞ്ചു വീടുകൾ ഭാഗിഗമായി തകർന്നിട്ടുണ്ട്. പൂവത്തൂർ ഏലായിൽ വെള്ളം കയറി വാഴ, പയർ, പടവലം, പാവൽ, ചീര മുതലായ വിളകൾ നശിച്ചു. ചെല്ലാങ്കോട്, ചിറക്കാണി , പരിയാരം, പാറയം വിളാകം പ്രദേശങ്ങളിലും വെള്ളം കയറി.
ലക്ഷങ്ങൾ വായ്പയെടുത്ത് വയൽ പുരയിടം പാട്ടത്തിനെടുത്ത നിരവധി കർഷകർ ദുരിതത്തിലാണ്. കുളവിക്കോണത്ത് സ്വകാര്യ ആശുപത്രിയും കാന്റീനും പരിസരത്തെ വീടുകളിലും വെള്ളം കയറി. ആശുപത്രിയിലെ ജനറേറ്റർ കേടായി. താഴത്തെ നിലയിലും ഓപ്പറേഷൻ തിയറ്ററിലും നാശനഷ്ടമേറെയാണ്.
അരുവിക്കര ചേപ്പാടു തോട്ടുമുക്കിൽ സ്ഥലവാസിയായ അജയഘോഷിന്റെ 40 സെന്റ് റബർ പുരയിടം മണ്ണിടിച്ചിലിനെ തുടർന്ന് നശിച്ചു. പുരയിടത്തിലെ ആഞ്ഞിലി, തെങ്ങ് മുതലായ വൃക്ഷങ്ങളും കടപുഴകി. റോഡിലേക്ക് പതിച്ച മണ്ണും മരങ്ങളും നാട്ടുകാർ ഏറെ പണിപ്പെട്ടാണ് നീക്കം ചെയ്തത്.
തോട്ടുമുക്കിൽ സുലോചനയുടെ വീടിനോടു ചേർന്നുള്ള കുന്നിൻ പ്രദേശം ഇടിഞ്ഞ് തോടുനികന്നു. ഇവരുടെ വീടും അപകടാവസ്ഥയിലാണ്. ഇവിടെ അങ്കണവാടി പ്രവർത്തിക്കുന്ന പുഷ്പന്റെ വീട്ടിൽ വെള്ളം കയറി. നാശനഷ്ടം നേരിട്ട പ്രദേശങ്ങൾ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സന്ദർശിച്ചു. റവന്യൂ, കൃഷി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിശദീകരിച്ചു.
സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരി സന്തു, കുറ്റിച്ചൽ എൽസി സെക്രട്ടറി വിനോദ് കടയറ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.