ഇതെന്ത് ടാറിംഗ് ?
1467752
Saturday, November 9, 2024 7:10 AM IST
അശാസ്ത്രീയമായ റോഡ് നിർമാണത്തിൽ ബംഗ്ലാവുവിള നിവാസികൾ ദുരിതത്തിൽ
പേരൂർക്കട: അശാസ്ത്രീയമായ റോഡ് ടാറിംഗിനെ തുടർന്ന് തൊഴുവൻകോട് ബംഗ്ലാവുവിള നിവാസികൾ ദുരിതത്തിൽ. ഒരാഴ്ച മുമ്പാണ് രണ്ടര കിലോമീറ്റർ വരുന്ന റോഡ് റീടാർ ചെയ്തത്. വർഷങ്ങളായി റോഡ് തകർന്നു കിടക്കുകയായിരുന്നു.
തിരുവനന്തപുരം നഗരസഭ ഫണ്ട് അനുവദിച്ചാണ് റോഡ് ടാർ ചെയ്തത്. എന്നാൽ അശാസ്ത്രീയമായ ടാറിംഗ് കാരണം ഇപ്പോൾ തന്നെ ടാർ ഇളകിത്തുടങ്ങിയതായി നാട്ടുകാർ പറയുന്നു.
റോഡിന്റെ വശങ്ങൾ റോളർ ഉപയോഗിച്ച് കൃത്യമായി ബലപ്പെടുത്താത്തതാണ് പ്രശ്നത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. മിക്ക സ്ഥലങ്ങളിലും റോഡരികിൽ ടാർ വാരി വിതറിയിരിക്കുന്നത് കാണാം. റോഡിലേക്ക് പോസ്റ്റുകൾ തള്ളി നിൽക്കുന്ന ഭാഗത്ത് കാര്യമായിട്ട് ടാറിംഗ് ഒന്നും നടത്തിയിട്ടില്ല.
ഓട കടന്നുപോകുന്ന ചില ഭാഗങ്ങളിൽ മണ്ണ് കെട്ടിയുയർത്തി ടാർ ചെയ്യുന്നതിന് പകരം ആ ഭാഗം വെറുതെ ഒഴിവാക്കിയതായും കാണാം. ഇത് കാൽനടയാത്രികരും വാഹന യാത്രികരും അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു.
ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് റീടാർ ചെയ്തതെങ്കിലും എത്രയും വേഗം റോഡ് തകരുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പണി ചെയ്തിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണാമ്മൂല ബംഗ്ലാവുവിള ഭാഗത്ത് ശക്തമായ മഴയിൽ മുട്ടോളം വെള്ളക്കെട്ടാണ് രൂപപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള റോഡിന്റെ ഭാഗം കൂടുതൽ ശക്തമായി ടാർ ചെയ്യുന്നതിന് അധികൃതർ ശ്രമം നടത്തിയിട്ടില്ല.
ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടി റോഡിന്റെ അരികിനോട് ചേർന്ന് മാത്രം ഏകദേശം മൂന്ന് ഇഞ്ച് കനത്തിൽ ടാർ ചെയ്തിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇത്രയും നിസംഗതയോടുകൂടി ടാറിംഗ് നടത്തിയ കരാറുകാരനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.