കിണവൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച
1467751
Saturday, November 9, 2024 7:10 AM IST
പേരൂർക്കട: കുടിവെള്ള പൈപ്പ് പൊട്ടി ഓടയിലൂടെ ജലം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. തിരുവനന്തപുരം നഗരസഭയുടെ കിണവൂർ വാർഡിൽ അഞ്ചുമുക്ക് വയൽ പ്രദേശത്താണ് ജലം പാഴാകുന്നത്. അഞ്ചുമുക്ക് വയൽ ക്ഷേത്ര പരിസരത്തുനിന്ന് ചൂഴമ്പാല ജംഗ്ഷൻ വരെ നീളുന്നത് ഏകദേശം 300 മീറ്റർ വരുന്ന ഓടയിലൂടെയാണ് പൈപ്പ് പൊട്ടി കുടിവള്ളം പാഴാകുന്നത്.
ഓടനിറഞ്ഞ് സ്ലാബിനു മുകളിൽ കൂടിയാണ് ജലം ഒഴുകുന്നത്. ജനങ്ങൾ നിരവധിതവണ വാട്ടർ അഥോറിറ്റിക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. കിണവൂർ വാർഡിൽ പൊതുവേ കുടിവെള്ള പ്രശ്നം രൂക്ഷമാണ്.
ഏകദേശം അര മീറ്റർ ഉയരമുള്ളതാണ് ഓട. ഏതാണ്ട് അത്രയും തന്നെ വീതിയും വരും. എന്നിട്ടുകൂടി ഓട നിറഞ്ഞ് സ്ലാബിന് മുകളിൽ കൂടി ജലം പാഴാകുന്നുണ്ടെങ്കിൽ അത്രത്തോളം വലിയരീതിയിൽ പൈപ്പ് പൊട്ടിയിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറയുന്നു.
കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ പ്രദേശത്തെ പലസ്ഥലങ്ങളിലും ജല ലഭ്യത കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പൈപ്പ് പൊട്ടിയതോടെ പ്രദേശത്തു ഗതാഗത തടസവും അനുഭവപ്പെടുന്നുണ്ട്.
വാട്ടർ അഥോറിറ്റി അടിയന്തരമായി പൈപ്പിലെ തകരാർ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.