യുവാവിനെ പോലീസ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് ആരോപണം
1467745
Saturday, November 9, 2024 6:55 AM IST
കിളിമാനൂർ: പോലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച് പട്ടികജാതിക്കാരനായ യുവാ വിനെ പോലീസ് ജാതി വിളിച്ച് ആക്ഷേപിച്ച് സ്റ്റേഷനിൽ പിടിച്ചു കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടിൽ സുരേഷി (45 ) നെയാണ് നഗരൂർ പോലീസ് ക്രൂരമായി മർദിച്ചത്. ഇതു സംബന്ധിച്ച് സുരേഷ് ആറ്റിങ്ങൽ ഡിവൈ.എസ്പിക്ക് പരാതി നൽകി.
പോലീസ് മർദനത്തിൽ ഗുരുതര പരിക്കേറ്റ സുരേഷ് ആറ്റിങ്ങൽ വലിയകുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹ സംസ്കരണ തൊഴിലാളിയായ സുരേഷ് ദീപാവലി ദിവസം ജോലി കഴിഞ്ഞു നഗരൂർ പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോൾ പോലീസ് സ്റ്റേഷൻ ദീപങ്ങൾകൊണ്ട് അലങ്കരിച്ചിരിക്കുന്നതുകണ്ടു മൊബൈൽ ഫോണിൽ വീഡിയോ പകർത്തുകയായിരുന്നു.
ഇതു കണ്ട സ്റ്റേഷനിലെ ഒരു പോലീസുകാരൻ പുറത്തിറങ്ങി വന്നു വീഡിയോ പകർത്തിയത് എന്തിനെന്നു ചോദിക്കുകയും മറ്റൊരു പോലീസുകാരനെക്കൂട്ടിവന്നു സ്റ്റേഷനിൽ പിടിച്ചു കൊണ്ടു പോയി ജാതി പറഞ്ഞു ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് പറയുന്നു. മർ ദനത്തെ തുടർന്നു ബോധം നഷ്ടപ്പെട്ടപ്പെട്ടതായും പരാതിയി ൽ ആരോപിച്ചു.
കൂടെയുണ്ടായിരുന്ന സുഹൃത്താണ് വിവരം വീട്ടിലറിയിച്ചത്. തുടർന്ന് ഭാര്യവന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നു. ജോലിക്ക് പോകാൻ കഴിയാത്തതിനെ തുടർന്ന് കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും, തുടർന്ന് വലിയകുന്ന് ആശുപത്രിയിലും ചികിത്സതേടി. ശരീരത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം ഉന്നതർക്കു പരാതി നൽകുമെന്നു സുരേഷ് പറഞ്ഞു.