ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട നടന്നു
1467744
Saturday, November 9, 2024 6:55 AM IST
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്നലെ ആചാര വിധിപ്രകാരം നടന്നു. ഇന്നു ചരിത്രപ്രസിദ്ധമായ ആറാട്ട്.
രാത്രി ശീവേലിക്കുശേഷം പടിഞ്ഞാറേ നട വഴി പുറത്തേക്കെഴുന്നള്ളിച്ച ശ്രീപദ്മനാഭന്റേയും ശ്രീകൃഷ്ണസ്വാമിയുടേയും നരസിംഹ മൂർത്തിയുടേയും വിഗ്രഹങ്ങൾക്ക് ക്ഷേത്രം സ്ഥാനീയൻ മൂലം തിരുനാൾ രാമവർമ അകന്പടി സേവിച്ചു.
സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ ഒരുക്കിയിരിക്കുന്ന വേട്ടക്കളത്തിലേക്ക് ആരവങ്ങളില്ലാതെയാണ് പള്ളിവേട്ട ഘോഷയാത്ര നീങ്ങിയത്.
വേട്ടമൃഗം എന്ന സങ്കല്പത്തിൽ വേട്ടക്കളത്തിലെ ഇളനീർക്കുലകളിൽ മൂലം തിരുനാൾ രാമവർമ പള്ളി അന്പെയ്തതോടെ ചെണ്ടമേളവും ബാൻഡ് വാദവും മുഴങ്ങി.