യുവതിയും സുഹൃത്തും തമ്മിലുള്ള ഫോൺകോൾ ചോർത്തി നൽകി: പോലീസുകാരനു സസ്പെൻഷൻ
1467742
Saturday, November 9, 2024 6:55 AM IST
പൂന്തുറ: യുവതിയും സുഹൃത്തും തമ്മിലുളള ഫോണ്‍വിളി വ്യാജമായി സംഘടിപ്പിച്ച് യുവതിയുടെ ഭര്‍ത്താവിനു നല്‍കുകയും ഇതേ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തും പൂന്തുറ സ്റ്റേഷനിലെ പോലീസുകാരനുമായ നവീൻ മുഹമ്മദിനു സസ്പെൻഷൻ.
സിറ്റി പോലീസ് കമ്മീഷണറാണ് അന്വേഷണ വിധേയമായി നവീൻ മുഹമ്മദിനെ സസ്പെന്‍ഡ് ചെയ്തത്. പൂന്തുറ ക്ഷേത്ര കവര്‍ച്ചാകേസിലെ പ്രതിയുടെ ഫോണ്‍വിളി രേഖകള്‍ എടുക്കുന്നതിനൊപ്പം യുവതിയുടെ സുഹൃത്തിന്റെ നമ്പര്‍ കൂടി എഴുതിച്ചേര്‍ത്തായിരുന്നു കൃത്യം നിര്‍വഹിച്ചത്.
ഫോൺ കോളുകൾ ചോർത്തി നൽകുന്നത് ഒഫിഷ്യല്‍ സീക്രട് ആക്ടിന്റെ ലംഘനമായതിനാൽ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. ഏഴുമാസം മുന്‍പാണ് നവീന്‍ മുഹമ്മദ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പൂന്തുറയിലെത്തിയത്. ഫോൺ ചോർത്തൽ സംഭവത്തെ തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവതി തൂങ്ങി മരിച്ചത്.
ഭര്‍ത്താവാണ് മരണത്തിനുത്തരവാദിയെന്ന് ആരോപിച്ച് എഴുതിയ ആത്മഹത്യാക്കുറിപ്പ് വട്ടിയൂര്‍ക്കാവ് പോലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്നതിനിടെ യുവതിയുടെ മരണത്തില്‍ സുഹൃത്തായ യുവാവിനു പങ്കുണ്ടെന്ന് ആരോപിച്ച് ഭാര്‍ത്താവ് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് ആദ്യം ഇത് മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഫോണ്‍വിളിയുടെ രേഖകള്‍ വട്ടിയൂര്‍ക്കാവ് പോലീസിനു കൈമാറിയതോടെയാണ് കള്ളി പുറത്തു വന്നത്. ഇതിനു ശേഷം വട്ടിയൂര്‍ക്കാവ് പോലീസ് യുവതിയുടെ സുഹൃത്തിന്റെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍സെല്ലിന് അപേക്ഷ നല്‍കിയപ്പോഴാണ് പൂന്തുറ സ്റ്റേഷനില്‍നിന്ന് ഇതേ ആവശ്യത്തിൽ കഴിഞ്ഞ ജൂണില്‍ വിവരങ്ങള്‍ എടുത്തെന്നു മനസിലായത്.
തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യചെയ്ത യുവതിയുടെ ഭര്‍ത്താവും നവീനും അടുത്ത സുഹൃത്തുക്കളാണെന്നു കണ്ടെത്തുകയായിരുന്നു. പൂന്തുറ സിഐ അവധിയിലായിരുന്ന ദിവസം മറ്റു രണ്ട് എസ്ഐമാരെ കബളിപ്പിച്ചാണു ലിസ്റ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ നവീന്‍ എഴുതി ചേര്‍ത്തത്.
ശേഷം സൈബര്‍ സെല്ലിൽനിന്നും പൂന്തുറ സ്റ്റേഷനിലെത്തിയ കാള്‍ ലിസ്റ്റിന്റെ പകര്‍പ്പ് യുവതിയുടെ ഭര്‍ത്താവിനും നവീന്‍ നല്‍കുകയായിരുന്നു. വട്ടിയൂര്‍ക്കാവ് പോലീസ് നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം നവീനെ സസ്പെന്‍ഡ് ചെയ്തത്.