വിളവൂർക്കലിൽ വീണ്ടും വെടിയുണ്ട: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി
1467741
Saturday, November 9, 2024 6:55 AM IST
ഞെട്ടൽ മാറാതെ പ്രദേശവാസികൾ
കാട്ടാക്കട: വിളവൂർക്കലിൽ വീടിന്റെ മേൽക്കൂര തുളച്ചെത്തിയ വെടിയുണ്ട ഹാളിലെ സോഫയിൽ കണ്ടതിന്റെ ഞെട്ടലിൽനിന്നും നാട്ടുകാർ മുക്തരാകുന്നതിന് മുന്നെ പ്രദേശത്തുനിന്നും മറ്റൊരു വെടിയുണ്ട കൂടി കണ്ടെത്തി.
കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ച വീടിന് 100 മീറ്റർ അകലെയാണ് ഇന്നലെ വീണ്ടും വെടിയുണ്ട കണ്ടെത്തിയത്. മലയിൻകീഴ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വെടിയുണ്ട കൊണ്ടുപോയി.
കുറക്കോണം സിഎസ്ഐ പള്ളിക്കു സമീപത്തുനിന്നാണ് രണ്ടാമത്തെ വെടിയുണ്ട കണ്ടെത്തിയത്. തുടർച്ചയായി വെടിയുണ്ട കണ്ടെത്തുന്ന സംഭവം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇതിനു മുൻപ് പലതവണ ഈ പ്രദേശത്തുനിന്നും വെടിയുണ്ട കണ്ടെത്തിയിട്ടുണ്ടെന്നും കുട്ടികളുൾപ്പെടെ ഭയത്തോടെയാണ് കഴിയുന്നതെന്നും നാട്ടുകാർ പറയുന്നു. വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ. ആനന്ദും കുടുംബവും താമസിക്കുന്ന വാടക വീട്ടിൽനിന്നാണു കഴിഞ്ഞദിവസം വെടിയുണ്ട കണ്ടെത്തിയത്.
ആനന്ദും ഭാര്യ ശരണ്യയും മകൾ സഞ്ജനയെയും കൊണ്ട് രാവിലെ പൂജപ്പുരയിലെ ആശുപത്രിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ ഹാളിൽ കിടന്നിരുന്ന സോഫയിൽ വെടിയുണ്ട കണ്ടെത്തിയത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ തുളവീണ നിലയിലായിരുന്നു.
പിന്നാലെ വീട്ടുടമ മലയിൻകീഴ് പോലീസിൽ പരാതിനൽകി. സമീപത്തെ വീട്ടിൽ ഉൾപ്പെടെ ഈ പ്രദേശങ്ങളിൽ മുൻപും സമാന രീതിയിൽ വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. മലയിൻകീഴ് മൂക്കുന്നിമല ഫയറിംഗ് സ്റ്റേഷനിൽനിന്ന ലക്ഷ്യം തെറ്റിയ വെടിയുണ്ടകൾ മുൻപും പലതവണ ജനവാസ മേഖലകളിൽ പതിച്ചിട്ടുണ്ട്.
2014-ൽ വിളവൂർക്കൽ മലയം പുകവലിയൂർക്കോണം ഗ്രീൻകോട്ടേജിൽ ഓമനുടെ വയറ്റിൽ വെടിയുണ്ട തുളച്ചുകയറി പരുക്കേറ്റിരുന്നു. കരസേനയിലെയും പോലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയെങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
2015 മേയ് ഒന്പതിനു വിളവൂർക്കൽ സിന്ധു ഭവനിൽ രാമസ്വാമിയുടെ വീട്ടിൽ വെടിയുണ്ട തുളച്ചുകയറിയിരുന്നു. 2018 നവംബർ 20-ന് പൊറ്റയിൽ കാവടിവിള ശിവോദയത്തിൽ അജിത്തിന്റെ വീട്ടിലെ ജനൽചില്ല് തകർത്തുകൊണ്ട് വെടിയുണ്ട കിടപ്പുമുറിയിൽ എത്തി. മുക്കുന്നിമലയിലെ സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്നു സ്ഥി രീകച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല. ഈ വീടിന് സമീപമാണ് ഇന്നലെ വെടിയുണ്ട കണ്ടത്.