പാതയോരത്ത് മദ്യക്കുപ്പി ശേഖരം; പരിഹാരം വേണമെന്ന് നാട്ടുകാര്‍
1467512
Friday, November 8, 2024 7:03 AM IST
നെയ്യാറ്റിന്‍കര : പാതയോരത്ത് മദ്യക്കുപ്പികള്‍ വലിച്ചെറിയുന്ന പ്രവണതയ്ക്ക് പരിഹാരമായില്ല. സന്പൂര്‍ണ മാലിന്യമുക്ത നഗരം എന്ന പദ്ധതി സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭ.
മാലിന്യമുക്ത നവ കേരളം കർമ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ നാലു ദിവസങ്ങളിലായി അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കാന്‍ സ്പെഷല്‍ ഡ്രൈവ് നടത്തി. ഒരു ടൺ ചെരുപ്പ്, ബാഗുകൾ, 1.20 ടൺ പഴയ തുണികൾ, 1. 400 ടൺ ചില്ല് മാലിന്യം, 350കിലോ ഇ-വേസ്റ്റ് എന്നിവ ശേഖരിച്ചു.
ഇത്തരത്തില്‍ മാലിന്യമുക്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരമാവധി കാര്യക്ഷമമായി പുരോഗമിക്കവെയാണ് പാതയോരങ്ങളിലേയ്ക്ക് ഒഴിഞ്ഞ മദ്യക്കുപ്പികളും ഉപയോഗിച്ച ഗ്ലാസുകളുമൊക്കെ വലിച്ചെറിയുന്നത് പഴയതുപോലെ തുടരുന്നത്. നെയ്യാറ്റിന്‍കര നഗരസഭ ഓഫീസിനു എതിര്‍വശത്തെ റോഡില്‍ പോലും ഇത് പതിവുകാഴ്ചയാണ്. സര്‍ക്കാര്‍ സ്കൂള്‍ ഉള്‍പ്പെടെ വിവിധ ഓഫീസുകളിലേയ്ക്ക് ഇതുവഴിയാണ് ആളുകള്‍ വന്നു പോകുന്നത്.
നഗരസഭ പരിധിക്കപ്പുറത്തും മാലിന്യ നിര്‍മാര്‍ജ്ജനം വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്. കാരോട് - കഴക്കൂട്ടം ബൈപ്പാസില്‍ കാഞ്ഞിരംകുളം മുതല്‍ പലയിടത്തും പാത സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മധ്യഭാഗത്ത് മനോഹരമായ പുഷ്പച്ചെടികള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.
ചിലയിടങ്ങളില്‍ അവ പൂത്തു നില്ക്കുന്നതും കാണാം. എന്നാല്‍ റോഡിന്റെ ഭാഗമായി അങ്ങിങ്ങ് നിര്‍മിച്ചിട്ടുള്ള ഓടകള്‍ ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യങ്ങൾ നിറഞ്ഞ നിലയിലാണ്. മദ്യക്കുപ്പികള്‍ വരെ അക്കൂട്ടത്തിലുണ്ട്.
മദ്യശാലകളില്‍ നിന്നും വാങ്ങുന്ന ലഹരിപാനീയം വഴിയരികില്‍ തന്നെ അകത്താക്കിയോ വാഹനങ്ങളിലിരുന്ന് മദ്യപിക്കുകയോ ചെയ്തതിനു ശേഷം കുപ്പികള്‍ പാതയോരത്ത് വലിച്ചെറിയുകയാണ് പലയിടത്തെയും രീതി. അധികൃതര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.