വെട്ടുകാട് തിരുനാള്‍ മഹോത്സവം : അവലോകന യോഗം ചേര്‍ന്നു
1467508
Friday, November 8, 2024 7:03 AM IST
വലിയതുറ: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ വെട്ടുകാട് മരിയന്‍ ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ആന്റണി രാജു എംഎല്‍എ പങ്കെടുത്തു.
വനിതാ പോലീസിനെ ഉള്‍പ്പെടുത്തി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വെട്ടുകാടും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിന് എക്സൈസ് , തിരുവനന്തപുരം കോര്പ്പറേഷന്, പള്ളി ഇടവക കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. വെട്ടുകാട് ദേവാലയ പരിസരത്ത് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ 60 സിസിടിവി കാമറകള്‍ സ്ഥാപിക്കും.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം ഉത്സവ മേഖലയില്‍ ക്യാമ്പ് ചെയ്യും. അഞ്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും. മെഡിക്കല്‍ ടീമിന്റെ സേവനം പ്രദേശത്ത് ഉണ്ടാ കും. ഉത്സവ ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 വരെയും സമാപന ദിവസം രാവിലെ എട്ട് മുതല്‍ രാത്രി 11 വരെയുമായിരിക്കും മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുക.
കൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമായിരിക്കും. കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ക്ക് പുറമേ 10 അഡീഷണല്‍ സര്‍വീസുകള്‍ ഉത്സവ മേഖലയില്‍ നടത്തും. കൂടാതെ തമ്പാനൂര്‍-കിഴക്കേകോട്ട മേഖലകളില്‍ നിന്നും ഇലക്ട്രിക് ബസുകളും സ്പെഷല്‍ സര്‍വീസിനായി സജ്ജീകരിക്കും. വാട്ടര്‍ അഥോറിറ്റിയുടെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കും.
കോര്പ്പറേഷന് ശുചീകരണ തൊഴിലാളികളുടെയും ഹരിതകര്‍മ സേനയുടെയും സേവനം ഉണ്ടാകും. യോഗത്തില്‍ ശംഖുമുഖം വാര്‍ഡ് കൗണ്‍സിലര്‍ സെറാഫിന് ഫ്രെഡി , ഡിസിപി ബി.വി.വിജയ് ഭാരത്, എഡിഎം ടി.കെ.വിനീത്, സബ് കളക്ടര്‍ ഒ.വി.ആല്‍ഫ്രഡ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഇടവക കമ്മിറ്റി സെക്രട്ടറി ബി.സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.