മാന്നാനിയ കോളജിൽ എക്സിബിഷൻ നടത്തി
1467494
Friday, November 8, 2024 6:50 AM IST
പാങ്ങോട്: മന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച എക്സിബിഷൻ ശ്രദ്ധേയമായി.
മലയാളത്തിന്റെ ചരിത്രം, കഥകൾ, അവയിലൂടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രങ്ങൾ, അവരുടെ വാർത്തമാനങ്ങൾ, പാടിയും എഴുതിയും ഈണമിട്ടും നമ്മുടെ ജീവിതത്തിന്റെ വികാരപ്രപഞ്ചത്തിനു ഈണമായ മനുഷ്യർ, സിനിമകളിൽനിന്നും തലമുറകൾ ഏറ്റെടുത്ത അഭിനയത്തികവുകൾ തുടങ്ങി ഗോത്ര ജീവിതംവരെ പരിചയപ്പെടുത്തുക എന്നതായിരുന്നു എക്സിബിഷന്റെ ഉദ്ദേശ്യം.
പരിപാടി കോളജ് പ്രിൻസിപ്പലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർമായ പ്രഫ. ഡോ. പി. നസീർ ഉദ്ഘാടനം ചെയ്തു. പഠിക്കുന്ന വിഷയത്തിനപ്പുറമുള്ള കാര്യങ്ങളിലേക്ക് വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കാനും വൈജ്ഞാനിക ലോകത്തെ തൊട്ടറിയാനുമാണ് വിശേഷദിനങ്ങളിലെല്ലാം കോളജിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്നു പ്രഫ. ഡോ. പി. നസീർ പറഞ്ഞു.
കേരളത്തിന്റെ ചരിത്രം,രാഷ്ട്രീയം, സംസ്കാരം എന്നിവയെക്കുറിച്ച് കുട്ടികളോട് സംസാരിക്കാൻ പരമ്പരാഗത രീതിയേക്കാൾ ഉചിതം അവരുടെ ഭാഷയിലും ശൈലിയിലും അവരുടെ ശ്രദ്ധയിലേക്ക് എളുപ്പം കയറി ചെല്ലുന്നതുമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് എക്സിബിഷൻ തന്നെ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.