ഭരണഭാഷ സമൂഹത്തെ ചേര്‍ത്തു പിടിക്കുന്നതാകണം: മിനി ആന്റണി
1467493
Friday, November 8, 2024 6:50 AM IST
തിരുവനന്തപുരം: മലയാളം ഭരണഭാഷയായി ഉപയോഗിക്കുമ്പോള്‍ അതു സമൂഹത്തെ ചേര്‍ത്തുപിടിക്കുന്ന വിധത്തിലാകണമെന്ന് സാംസ്കാരിക കാര്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി അഡീഷണല്‍ സിഇഒയുമായ മിനി ആന്റണി ഐഎഎസ് അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മലയാളദിനാഘോഷം ഉദ്ഘാടനംചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഇന്‍സ്റ്റിറ്റ്യൂട്ട് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കാവ്യഭാഷയില്നിന്നു വ്യത്യസ്തമായി മലയാളത്തെ ഭരണഭാഷയെന്ന രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കണം. കൊളോണിയല്‍ ആധിപത്യത്തില്‍നിന്നു തദ്ദേശീയമായ ഭാഷ ഭരണഭാഷയായി മാറിയെന്നത് വലിയ വിപ്ലവമാണെന്നും ഡോ. മ്യൂസ് മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. ജോസഫൈന്, അസിസ്റ്റന്റ് എഡിറ്റര്‍ ആര്. അനിരുദ്ധന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചനാമത്സരത്തിലെ വിജയികള്‍ക്കും മലയാളഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കും മുഖ്യാതിഥി പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
സബ് എഡിറ്റര്‍ ഡോ. രേഖ ആര്. നായര്‍ സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് കെ.എന്‍. ലിന്‍സ നന്ദിയും പറഞ്ഞു. കവിതാലാപന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ ചടങ്ങില്‍ കവിതകള്‍ ആലപിച്ചു.