പോക്സോ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
1467492
Friday, November 8, 2024 6:50 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു അതിവേഗ പോക്സോ കോടതി. കുറ്റിച്ചൽ ഗ്രാമം ലൂഥറൻ ചർച്ചിനു സമീപം മൈലക്കാട് വീട്ടിൽ ജോസ് (41) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.
പിഴ തുക അതിജീവിതയ്ക്കു നൽകണമെന്നും അല്ലാത്തപക്ഷം 11 മാസം അധികം കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2021-ൽ ഓണാവധി മുതൽ പലതവണകളിൽ വീട്ടിലും ട്യൂഷനു പോകുന്നയിടത്തുംവച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ പിതാവിനെ തിരക്കിയെത്തിയ പ്രതി അവിടെവച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു.
സ്കൂളിലെ കൗൺസിലിംഗിലാണു കുട്ടി അധ്യാപികയോട് വിവരങ്ങൾ പറയുന്നത്. അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയും ഇവർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലും പിന്നീട് നെയ്യാർ ഡാം പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് റെജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി നെയ്യാർ ഡാം പോലീസ് പ്രതിയെ പിടികൂടി ജയിലിലടച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. നെയ്യാർ ഡാം സബ് ഇൻസ്പെക്ടർ ആയിരുന്ന ഷിഹാബുദ്ദീൻ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രതിയെ ജയിലിലേക്ക് മാറ്റി.