കരമന-കളിയിക്കാവിള പാതയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതം
1467267
Thursday, November 7, 2024 7:04 AM IST
നേമം: കരമനകളിയിക്കാവിള ദേശീയ പാതയില്‍ വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തില്‍ ഷിബു (35) മരണമടഞ്ഞിരുന്നു. ദിവസവും നിരവധി വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. സിഗ്നലുകളിലെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തതും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങള്‍ക്ക് കാരണം.
നീറമണ്‍കര, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം എന്നിവിടങ്ങലില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രധാന ജംഗ് ഷനുകളില്‍ പോലും ട്രാഫിക്ക് പോലീസ് ഡ്യൂട്ടിക്കെത്തുന്നില്ല. ഇതുകാരണം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുവാന് പ്രയാസപ്പെടുകയാണ്.
കഴിഞ്ഞ ദിവസം പള്ളിച്ചലിനടുത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ഹോട്ടല്‍ മാനേജരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാവച്ചമ്പലം-പള്ളിച്ചല്‍ വണ്‍വേ റോഡില്‍ വളവില്‍ രാത്രി പന്ത്രണ്ടു മണിയോടുകൂടിയായിരുന്നു അപകടം. മലപ്പുറം സ്വദേശിയും പ്രാവച്ചമ്പലത്ത് സഹപാഠി ഹോട്ടലിലെ മാനേജരുമായ ഷുക്കൂറി(58)നെയാണ് ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം ഭാഗത്തുനിന്നു നെയ്യാറ്റിന്‍കര ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറാണ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷുക്കൂര്‍ നൂറു മീറ്ററോളം ദൂരേക്ക് തെറിച്ച് കമ്പി വേലിയില്‍ തുളച്ചു കയറുകയായിരുന്നു. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.
ഹോട്ടല്‍ അടച്ച ശേഷം എതിര്‍വശത്തെ യൂ ടേണെടുത്ത് താമസസ്ഥലത്തേയ് ക്ക് പോകവേയാണ് കാറിടിച്ചത്. ഉടനേ നേമം പോലീസില്‍ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണെത്തിയതെന്നും കാറിലുണ്ടായിരുന്ന ആറോളം ചെറുപ്പക്കാര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
നേമം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഭാഗത്ത് മീഡിയനില്‍ ലൈറ്റ് കത്തുന്നില്ലെന്നും പരാതിയുണ്ട്.